മത്സരിപ്പിക്കില്ല; ശോഭാ സുരേന്ദ്രനെ ഇത്തവണയും ഒതുക്കി ബിജെപി സംസ്ഥാന നേതൃത്വം

single-img
6 July 2023

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇങ്ങെത്തിനിൽക്കവേ ശോഭാ സുരേന്ദ്രനെ ഇത്തവണയും ഒതുക്കി ബിജെപി സംസ്ഥാന നേതൃത്വം. ആറ്റിങ്ങലില്‍ നിന്നും ശോഭാ സുരേന്ദ്രനെ ഇത്തവണ മത്സരിക്കാന്‍ അനുവദിക്കില്ലെന്നാണ് ലഭ്യമായ വിവരം. ആറ്റിങ്ങലില്‍ കേന്ദ്രസഹമന്ത്രി കൂടിയായ വി. മുരളീധരന്‍ മത്സരിക്കുമെന്നാണ് സൂചനയെന്ന് കൈരളി ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ആറ്റിങ്ങലിന് പകരം ശോഭയ്ക്ക് കൊല്ലം നല്‍കുമെന്ന ധാരണയില്‍ ബിജെപി എത്തിയിരുന്നു. എന്നാല്‍ ശോഭയ്ക്ക് കൊല്ലം മണ്ഡലവും നല്‍കില്ലെന്നാണ് വിവരം. പകരം ബിഡിജെഎസിനാകും കൊല്ലം നല്‍കുക എന്ന് റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തിനും തൃശൂരിനുമൊപ്പം താരപരിവേഷമേറെയുള്ള ബിജെപി മണ്ഡലമാണ് ആറ്റിങ്ങല്‍. അവസാനം നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടരലക്ഷത്തോളം വോട്ട് നേടി ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ച മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായത് ശോഭ സുരേന്ദ്രന്‍ ആയിരുന്നു. ഈഴവ വോട്ടുകള്‍ക്ക് ഏറെ സ്വാധീനമുള്ള മണ്ഡലത്തില്‍ ഇത്തവണ ശോഭയെ മാറ്റാനാണ് നേതൃത്വത്തിന്റെ തീരുമാനം.

അതേസമയം, ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ നിന്ന് മത്സരിക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപി പാളയത്തിലെത്തിയ അനില്‍ ആന്റണി കോട്ടയത്തുനിന്ന് മത്സരിക്കാനുള്ള സാധ്യതയുമുണ്ട്. യുവ നടന്‍ ഉണ്ണി മുകുന്ദനും സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.