നാളെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ; 5 കോടി രൂപയുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പിടിയിൽ
നാളെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ 5 കോടി രൂപയുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെ പിടിയിലായി. പണം ആർക്കൊക്കെ കൊടുക്കണം എന്ന് പേര് രേഖപ്പെടുത്തിയ ഡയറിയും ഇതോടൊപ്പം കണ്ടെത്തിയിട്ടുണ്ട്. താവ്ഡെയെ ബഹുജൻ വികാസ് അഘാഡി പ്രവർത്തകരാണ് വിരാറിലെ ഹോട്ടലിൽ നിന്ന് പിടികൂടിയത്.
നലസോപാരയിലെ ബിജെപി സ്ഥാനാർഥി രാജൻ നായിക് വോട്ടർമാരെ സ്വാധീനിക്കാനായി പണം വിതരണം ചെയ്യുകയായിരുന്നുവെന്ന് ബഹുജൻ വികാസ് അഘാഡി ആരോപിച്ചു. കൂടാതെ വിരാർ ഹോട്ടലിൽ വെച്ച് 5 കോടി രൂപ വിതരണം ചെയ്തതായും ബഹുജൻ വികാസ് അഘാഡിയുടെ പ്രസിഡൻ്റ് ഹിതേന്ദ്ര താക്കൂറും ആരോപിച്ചു.
തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ പണബലം ഉപയോഗിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ആരോപിച്ച കോൺഗ്രസ് ഹോട്ടലിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും പങ്കുവെച്ചു. ഇതിൽ ഉന്നത നേതാക്കൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് എക്‌സ് പോസ്റ്റിൽ കുറിച്ചു.
നോട്ട് നിരോധനം കൊണ്ടുവന്നത് അവരാണ്, പിന്നെ എവിടെ നിന്നാണ് ഇത്രയും പണം വരുന്നത്? പുറത്തുവന്ന സംഭവം ശരിയാണെങ്കിൽ വിനോദ് താവ്‌ഡെയെപ്പോലുള്ള ഒരു മുതിർന്ന നേതാവ് ഇതിൽ ഉൾപ്പെട്ടതിൽ ആശ്ചര്യപ്പെടുന്നുവെന്ന് എൻസിപി (ശരദ് പവാർ) നേതാവ് സുപ്രിയ സുലേ പറഞ്ഞു.
ഉദ്ധവ് താക്കറെയുടെ ബാഗുകൾ ഒന്നിലധികം തവണ പരിശോധിച്ചെങ്കിലും “യഥാർഥത്തിൽ ക്യാഷ് ബാഗുകൾ കൈവശം വച്ചിരുന്നവരുടെ ബാഗ് പരിശോധിക്കാതെ പോയെന്ന് ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി പറഞ്ഞു. ബിജെപിക്കും അതിൻ്റെ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെജിക്കും എതിരെ എന്തു നടപടി സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും അവർ വ്യക്തമാക്കി.
ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് വിശേഷിപ്പിച്ച ബിജെപി, തെരഞ്ഞെടുപ്പിൻ്റെ തലേന്ന് ബഹുജൻ വികാസ് അഘാഡി നടത്തുന്ന രാഷ്ട്രീയ സ്റ്റണ്ടാണ് ഇതെന്ന് വിശേഷിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മഹാരാഷ്ട്ര അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ കിരൺ കുൽക്കർണി പറഞ്ഞു.