ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ സഭ മേലധ്യക്ഷന്‍മാരെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍

single-img
9 April 2023

ഈസ്റ്റര്‍ ദിനത്തില്‍ വിവിധ ക്രൈസ്തവ മതമേലധ്യക്ഷന്‍മാരെ സന്ദർശിച്ചു ബിജെപി നേതാക്കൾ. ക്രൈസ്തവ വിഭാഗത്തെ ബിജെപിയോട് കൂടുതൽ അടുപ്പിക്കാൻ ഉള്ള ശ്രമങ്ങളുടെ ഭാഗമായി കെ കൃഷ്ണദാസും എപി അബ്ദുള്ളക്കുട്ടിയും അടക്കമുള്ള നേതാക്കൾ രാവിലെ തലശ്ശേരി ബിഷപ് ജോസഫ് പാംപ്ലാനിയെ സന്ദർശിച്ചു. തിരുവനന്തപുരത്തു കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ. നെറ്റോയ്ക്ക് ഈസ്റ്റർ ആശംസ നേരാൻ എത്തി.

ബിജെപി ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷും കേന്ദ്ര മന്ത്രിക്കൊപ്പം ബിഷപ്പ് ഹൗസിൽ എത്തി. സൗഹൃദ സന്ദർശനമാണ് നടത്തിയതെന്ന് വി. മുരളീധരൻ വ്യക്തമാക്കി. ആശംസകൾ നേരാനാണ് എത്തിയതെന്നും സന്ദർശനത്തിൽ രാഷ്‌ട്രീയമില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ക്രൈസ്തവ ദേവാലയം സന്ദർശിക്കും. ഇന്ന് വൈകിട്ട് 5 മണിക്ക് ദില്ലിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രലിലാണ് മോദി സന്ദർശനം നടത്തുക. ആര്‍ച്ച്ബിഷപ് അനിൽ കുട്ടോ പ്രധാനമന്ത്രിയെ സ്വീകരിക്കും.