ഹിന്ദുമതം വിഭാവനം ചെയ്യുന്ന വിശാലമനസ്കത ബിജെപിക്കില്ല: കെ മുരളീധരൻ

single-img
29 December 2022

ഹിന്ദുമതം വിഭാവനം ചെയ്യുന്ന വിശാലമനസ്കത ബിജെപിക്കില്ലെ എത് മതത്തിൽപ്പെട്ട വിശ്വാസികൾക്കും അവിശ്വാസികൾക്കും ഒരുപോലെ സ്ഥാനം നൽകുന്ന പാർട്ടിയാണ് കോൺഗ്രസെന്നും കെ മുരളീധരൻ എം പി. ന്യൂനപക്ഷ പ്രീണനം, മൃദുഹിന്ദുത്വം തുടങ്ങിയ പ്രയോഗങ്ങളോടു യോജിപ്പില്ലെന്നും അദ്ദേഹം ഇന്ദിരാഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഹിന്ദു മതത്തിന്റെ ഹോൾ സെയിൽ ബിജെപിക്കായി വിട്ടു കൊടുക്കുന്നത് സിപിഎമ്മാണ്. സംസ്ഥാനത്തെ ക്ഷേത്ര ഭരണസമിതികളിൽ കയറണമെന്ന് മാർക്സിസ്റ്റ് പാർട്ടിയുടെ കമ്മിറ്റികളിൽ പറയുന്നുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്താണ് ചുമതലയേൽക്കുന്നത്. അദ്ദേഹം കുറി തൊടാറുണ്ട്. പക്ഷെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സ്ഥാനാർഥി ആയപ്പോൾ നാമനിർദേശ പത്രിക നൽകിയപ്പോൾ ദൃഢപ്രതിജ്ഞയാണ് എടുത്തത്.

നേരത്തെ ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടേയും കാലത്തും അമ്പലങ്ങളിൽ പോയിട്ടുണ്ട്. കുറി തൊടാൻ പാടില്ല എന്ന നിലപാട് ശരിയല്ല. എ.കെ ആന്റണിയുടെ നിലപാട് കൃത്യമാണ്. മൃദു ഹിന്ദുത്വം എന്ന വാക്ക് ലീഗ് ഇതുവരെ പ്രയോഗിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. കോൺഗ്രസിനകത്ത് എല്ലാക്കാലത്തും വിശ്വാസികൾക്കും ഭൗതികവാദികൾക്കും സ്ഥാനമുണ്ട്. പരസ്പരം ബഹുമാനിച്ചു പോകണമെന്നാണു പാർട്ടിയുടെ നയം. അതിനു പകരം മൃദു ഹിന്ദുത്വം, തീവ്ര ഹിന്ദുത്വം എന്നു പറയുന്നത് ശരിയല്ല. ഹിന്ദുമതം വിഭാവനം ചെയ്യുന്ന വിശാലമനസ്കത ബിജെപിക്കും ആർഎസ്എസ്സിനും ഇല്ല. അവര്‍ ഈ സമൂഹത്തെ വിഭജിക്കാൻ നോക്കുകയാണ്.

ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും ഭരണഘടനയിൽ നൽകിയ സംരക്ഷണം നിലനിർത്തണം. അതു ന്യൂനപക്ഷ പ്രീണനം അല്ല. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടനയിൽ നൽകിയ അവകാശങ്ങൾക്കു വേണ്ടിയാണ് തങ്ങൾ പോരാടുന്നത്. ന്യൂനപക്ഷ പ്രീണനമെന്നും മൃദു ഹിന്ദുത്വമെന്നുമുള്ള വാക്കുകൾ യാഥാർഥ്യത്തിനു നിരക്കാത്തതാണ്. എല്ലാവർക്കുമുള്ള അവകാശങ്ങൾ ഇന്ത്യൻ ഭരണഘടന ശരിയായി നിർവചിച്ചിട്ടുണ്ട്. ആ നിർവചനം മാറുന്നതിനെയാണ് തങ്ങൾ ചോദ്യം ചെയ്യുന്നതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയത്തെ രാഷ്ട്രീയമായും മതത്തെ മതപരമായും കാണണം. മതനിരപേക്ഷതയാണ് കോൺഗ്രസിന്റെ നിലപാട്. എല്ലാവർക്കും അവകാശപ്പെട്ടത് അനുവദിച്ചുകൊടുക്കണം. അതാണ് കോൺഗ്രസിന്റെ നിലപാട്. അതാണ് എ.കെ. ആന്റണി പറഞ്ഞത്. വളരെ കൃത്യമായി അദ്ദേഹമത് പ്രതിപാദിച്ചു. ഞാൻ ക്ഷേത്രത്തിൽ പോകും, കുറിയും തൊടും. വി.ടി. ബൽറാമിനെപ്പോലുള്ളവർ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ സഗൗരവം ആണ് ചെയ്യുന്നത്. ഇതിലൊരിക്കലും ലീഗ് ഒരു എതിർപ്പും പറഞ്ഞിട്ടില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു.