ബിജെപിയെ മൂന്നാം തവണയും തെരഞ്ഞെടുത്താല്‍ രാജ്യം സ്വേച്ഛാധിപത്യ ഭരണത്തെ അഭിമുഖീകരിക്കേണ്ടി വരും: മമത ബാനര്‍ജി

single-img
28 August 2023

അടുത്തവർഷം നടക്കേണ്ട രാജ്യത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ബിജെപി ഈ ഡിസംബറില്‍ തന്നെ നടത്താന്‍ സാധ്യതയുണ്ടെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം സംബന്ധിച്ച പുതിയ ബില്‍ പരാമര്‍ശിച്ചാണ് മമതയുടെ പ്രതികരണം.

ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസിന്റെ യുവജന വിഭാഗത്തിന്റെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി. ബിജെപിയെ മൂന്നാം തവണയും തെരഞ്ഞെടുത്താല്‍ രാജ്യം സ്വേച്ഛാധിപത്യ ഭരണത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് മമത ബാനര്‍ജി വോട്ടര്‍മാരോട് പറഞ്ഞു.

എൻ ഡി എയെ നയിക്കുന്ന ബിജെപിക്ക് മമത മുന്നറിയിപ്പ് നല്‍കിയതിങ്ങനെ- ‘ഇടത് മുന്നണിയെ ബംഗാളില്‍ നിന്ന് നീക്കം ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് ആരും കരുതിയില്ല. എന്നാല്‍ ഞങ്ങളവരെ നീക്കി. ബിജെപിയെ കേന്ദ്രത്തില്‍ നിന്ന് നീക്കം ചെയ്യണമെങ്കില്‍… ഞങ്ങള്‍ അത് ചെയ്യും. ഇന്ന് ബി.ജെ.പിക്ക് മാത്രമാണ് സ്വാതന്ത്ര്യം. മറ്റാര്‍ക്കും സംസാരിക്കാന്‍ സ്വാതന്ത്ര്യമില്ല. ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നാല്‍ അവര്‍ ഭരണഘടന തന്നെ മാറ്റും.’