ഭാരത് മാട്രിമോണിയുടെ ഹോളി പരസ്യം ഹിന്ദു വികാരം വ്രണപ്പെടുത്തി; ട്വിറ്ററിൽ ബഹിഷ്കരണാഹ്വാനം

single-img
9 March 2023

രാജ്യത്തെ പ്രമുഖ മാട്രിമോണിയല്‍ സൈറ്റായ ഭാരത് മാട്രിമോണി കഴിഞ്ഞ ദിവസം അന്താരാഷ്ട്ര വനിതാ ദിനത്തോടും ഹോളിയോടും അനുബന്ധിച്ച് പുറത്തിറക്കിയ പരസ്യത്തിനെതിരെ ഹിന്ദുത്വവാദികളുടെ വ്യാപക പ്രതിഷേധം. ഹോളി ആഘോഷവേളയിലെ സ്ത്രീകളുടെ സുരക്ഷയെ കുറിച്ചായിരുന്നു പരസ്യത്തിന്റെ പ്രമേയം.

പക്ഷെ ഇതിൽ ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വച്ചാണ് പരസ്യമെന്നാരോപിച്ച് സമൂഹ മാധ്യമങ്ങളില്‍ ബഹിഷ്കരണ ആഹ്വാനം ആരംഭിച്ചിരിക്കുകയാണ്. ട്വിറ്ററിൽ ഉൾപ്പെടെ #BoycottBharatMatrimony എന്ന ഹാഷ്ടാഗോട് കൂടിയുള്ള പ്രതിഷേധവുമായാണ് ആളുകൾ രംഗത്തെത്തിയിരിക്കുന്നത്.

ശാരീരിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ വലിയ മാനസിക ബുദ്ധിമുട്ടികളിലൂടെയാണ് കടന്ന് പോകുന്നതെന്ന് വെളിപ്പെടുത്തുന്നതായിരുന്നു വീഡിയോ. നിരവധി സ്ത്രീകള്‍ ഹോളിക്കിടെയുണ്ടാകുന്ന ഉപദ്രവങ്ങള്‍ കാരണം ആഘോഷങ്ങള്‍ അവസാനിപ്പിക്കാറുണ്ട്. ഈ ഹോളി ദിനത്തില്‍ വനിതാ ദിനവും ആഘോഷിക്കുമ്പോള്‍ സ്ത്രീകളെ സുരക്ഷിതരാക്കണം എന്ന കുറിപ്പോടെയായിരുന്നു ഭാരത് മാട്രിമോണി പരസ്യ വീഡിയോ പങ്കുവച്ചത്.

മുഖമാകെ വ്യത്യസ്ത നിറങ്ങളിലുള്ള ചായം പൂശിയ യുവതിയുടെ ദൃശ്യങ്ങളോട് കൂടിയാണ് 75 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. അവസാനം നിറങ്ങള്‍ കഴുകി കളയുന്നതിനൊപ്പം മുഖത്തെ ചതവുകളും പാടുകളും കാണുന്നു. “ചില നിറങ്ങൾ എളുപ്പത്തിൽ കഴുകി കളയാനാകില്ല” എന്ന സന്ദേശത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.

ഈ പരസ്യം പുറത്ത് വന്ന് മണിക്കൂറുകള്‍ക്കകം തന്നെ വ്യാപകമായി പ്രചരിക്കുകയും പ്രതിഷേധം ഉയരുകയും ചെയ്തു. വ്യാപക പ്രതിഷേധം ഉയർന്നതോടെ വീഡിയോ ഡിലീറ്റ് മറ്റൊരു അടിക്കുറിപ്പോടെ വീണ്ടും പോസ്റ്റ് ചെയ്തു. ”ഈ വനിതാ ദിനവും ഹോളിയും, സ്ത്രീകൾക്കായി സുരക്ഷിതവും അവരെ കൂടുതൽ ഉൾക്കൊള്ളുന്നതുമായ ഇടങ്ങൾ സൃഷ്ടിച്ചുകൊണ്ട് നമുക്ക് ആഘോഷിക്കാം. പൊതു ഇടങ്ങളിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ അംഗീകരിക്കുകയും അവരുടെ ക്ഷേമത്തെ യഥാർത്ഥത്തിൽ ബഹുമാനിക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ് – ഇന്നും എന്നും”- എന്നാണ് ഇപ്പോഴുള്ള കുറിപ്പ്.