ഗുജറാത്തിൽ പ്രവേശിക്കാത്ത ഭാരത് ജോഡോ യാത്ര; വിമർശനവുമായി കോൺഗ്രസിനുള്ളിൽ തന്നെ നേതാക്കളും പ്രവർത്തകരും

single-img
12 September 2022

രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര കഴിഞ്ഞ ദിവസം നാലാം ദിവസത്തിലേക്ക് കടന്നെങ്കിലും ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ സ്പര്ശിക്കാതെയുള്ള യാത്ര റൂട്ടിൽ വിയോജിപ്പ് അറിയിച്ച് ചില പാർട്ടി നേതാക്കളും പ്രവർത്തകരും.

ജോഡോ യാത്രയ്ക്ക് നിശ്ചയിച്ചിട്ടുള്ള റൂട്ട് മാപ്പിൽ ഗുജറാത്തിനെ ഒഴിവാക്കിയതിലാണ് പ്രധാനമായും പാർട്ടി പ്രവർത്തകരുടെ വിയോജിപ്പ്. ഉടൻതന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും യാത്ര ഉൾപ്പെടുത്തേണ്ടതായിരുന്നു എന്നാണ് പാർട്ടി അണികളുടെ ആവശ്യമെന്ന് ദേശീയ മാധ്യമമായ ഡെക്കാൻ ക്രോണിക്കിളാണ് റിപ്പോർട്ട് ചെയ്തത്.

അതേസമയം, കന്യാകുമാരി മുതൽ കശ്മീർ വരെ 3,500 കിലോമീറ്ററും 150 ദിവസവും നീണ്ടുനിൽക്കുന്ന യാത്രാ പ്രചാരണത്തിന്റെ ദൈർഘ്യം വർദ്ധിപ്പിക്കുമെന്നതിനാൽ എല്ലാ സംസ്ഥാനത്തെയും ഉൾപ്പെടുത്തുന്നത് സാധ്യമല്ലെന്ന് യാത്രാ ആസൂത്രകർ വിശദീകരിക്കുന്നു. ഏത് സാഹചര്യത്തിലും തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ യാത്രയുടെ റൂട്ട് മാപ്പിൽ ഗുജറാത്ത് ഉണ്ടായിരിക്കണമായിരുന്നുവെന്ന് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു.

ഇതിനോടകം ഗുജറാത്തിൽ നിന്നുള്ള നിരവധി നേതാക്കൾ കോൺഗ്രസ് വിട്ടു. ശക്തമായി തന്നെ ആം ആദ്മി പാർട്ടിയും സംസ്ഥാനത്ത് തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നുണ്ട്. ജോഡോ യാത്ര പാർട്ടിക്ക് വലിയ ഉണർവ് നൽകുമായിരുന്നു. ഈ യാത്ര ആസൂത്രണം ചെയ്ത നേതാക്കൾ ഇത് ഉൾപ്പെടുത്താത്തത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേപോലെ തന്നെ തെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സംസ്ഥാനങ്ങളെയും പ്രചാരണത്തിൽ ഉൾപ്പെടുത്തണമെന്ന് ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും നേതാക്കൾ യാത്രാ സംഘാടക സമിതിയോട് അഭ്യർത്ഥിച്ചിട്ടും ഈ ആവശ്യങ്ങൾ സംഘാടക സമിതി അവഗണിച്ചതായി റിപ്പോർട്ടിൽ പറയുന്നു.