മദ്യക്കുപ്പിയിൽ ചിലന്തിയെ കണ്ടെത്തിയ സംഭവം; ബാച്ചിലെ മദ്യത്തിന്റെ വിൽപ്പന ബെവ്കോ മരവിപ്പിച്ചു

single-img
10 December 2022

മദ്യക്കുപ്പിയിൽ ചിലന്തിയെ കണ്ടെത്തിയ സംഭവത്തിൽ നടപടിയുമായി ബെവ്കോ. ചിലന്തിയെ കണ്ടെത്തിയ ബാച്ചിലെ മുഴുവൻ മദ്യത്തിന്റെയും വിൽപ്പന ബെവ്കോ അടിയന്തിരമായി മരവിപ്പിച്ചു. 500 ഓളം ബോക്സുകളിൽ ഉള്ള മദ്യക്കുപ്പികളുടെ വിൽപ്പനയാണ് നിർത്തിവെച്ചത്.

തിരുവനന്തപുരത്ത് പവർഹൗസ് റോഡിലെ ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ ബെക്കാർഡി ലെമൻ എന്ന ബ്രാൻഡിലുള്ള മദ്യത്തിലാണ് ചിലന്തിയെ കണ്ടെത്തിയത്. മദ്യം വാങ്ങി വീട്ടിലെത്തി നോക്കിയപ്പോഴാണ് ഇത് കണ്ടത്. തുടർന്ന് മദ്യക്കുപ്പി പൊട്ടിക്കാതെ തന്നെ വാങ്ങിയ ഔട്ട്ലെറ്റിൽ തിരികെ ഏൽപ്പിച്ചു. വിശദമായ പരിശോധന നടത്തിയ ശേഷമാണ് മദ്യം വിൽപനയ്ക്കായി എത്തിച്ചതെന്നാണ് ബെവ്കോ ഉദ്യോഗസ്ഥർ പറയുന്നത്.

ഈ ബാച്ചിൽ ഉൾപ്പെട്ട മറ്റു മദ്യക്കുപ്പികൾ വിൽപ്പന നടത്തുന്നതായി പരാതി നേരത്തെ ഉയർന്നിരുന്നു. പ്രമുഖ ബ്രാൻഡിലെ മദ്യക്കുപ്പിക്കുള്ളിൽ ചിലന്തിയെ കണ്ടെത്തിയതോടെ സംഭവത്തെക്കുറിച്ച് ബെവ്കോ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് പരിശോധിച്ച് ഉടനടി റിപ്പോർട്ട് നൽകാൻ ബെവ്കോ എം ഡി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.