ബിവറേജസ് കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ പഠിക്കും; പഞ്ചാബ്‌ ഉന്നത തല സംഘം കേരളത്തിൽ

single-img
29 June 2023

കേരളത്തിലെ ബിവറേജസ് കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ എങ്ങിനെ എന്നത് പഠിക്കാൻ പഞ്ചാബ്‌ ധനകാര്യ-എക്സൈസ്‌ വകുപ്പ്‌ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത തല സംഘം കേരളത്തിൽ എത്തിച്ചേർന്നു . സംസ്ഥാന തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷുമായി, പഞ്ചാബ് ധനകാര്യ- എക്സൈസ് വകുപ്പ് മന്ത്രി ഹർപാൽ സിംഗ് ചീമ കൂടിക്കാഴ്ച നടത്തി.

ഈ വിവരം മന്ത്രി എം ബി രാജേഷാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഒരു പൊതു മേഖലാ സ്ഥാപനമെന്ന നിലയിൽ ബെവ്കോയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഹർപാൽ സിംഗ്‌ ചീമ പറഞ്ഞു. കേരളത്തിന്റെ മാതൃക പഞ്ചാബിൽ പകർത്താനുള്ള സാധ്യത തേടുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സ്വകാര്യമേഖലയിലാണ്‌ നിലവിൽ പഞ്ചാബിലെ മദ്യ വിൽപ്പന. എക്സൈസ്‌ വകുപ്പും, ബിവറേജസ്‌ കോർപറേഷനും നടത്തുന്ന പ്രവർത്തനങ്ങൾ മന്ത്രി എം ബി രാജേഷ്‌ പഞ്ചാബ്‌ സംഘത്തോട്‌ വിശദീകരിച്ചു. അടുത്ത നാല്‌ ദിവസം കേരളത്തിൽ ചെലവഴിക്കുന്ന പഞ്ചാബ്‌ സംഘം, മദ്യത്തിന്റെ വിതരണ ശൃംഖലാ സംവിധാനവും എക്സൈസിന്റെ ഇടപെടലുകളും മനസിലാക്കും. ബെവ്കോ ആസ്ഥാനത്തും വെയർ ഹൗസുകളിലും റീടെയ്‌ൽ ഔട്ട്‌ലറ്റുകളിലും സംഘം സന്ദർശനം നടത്തും.