ജനിച്ചത് മുതൽ വിശ്വസിക്കുന്നതും കാണുന്നതും കോൺഗ്രസിന്‍റെ രാഷ്ട്രീയമാണ്; ചർച്ചയായി പദ്മജയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ്

single-img
7 March 2024

കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രി കെ കരുണാകരന്‍റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരാനിരിക്കെ സോഷ്യൽ മീഡിയയിൽ ചർച്ചയായി പഴയ ഫേസ്ബുക്ക് പോസ്റ്റ്. എകെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി ബിജെപിയിൽ ചേർന്നപ്പോൾ പത്മജ ഫേസ്ബുക്കിൽ പങ്കുവെച്ച പ്രതികരണക്കുറിപ്പാണ് പുതിയ സാഹചര്യത്തിൽ ചർച്ചയാകുന്നത്.

അനിൽ ആന്റണി കോൺഗ്രസ് പാർട്ടി വിട്ടത് ആഴത്തിൽ ആലോചിക്കേണ്ട കാര്യമാണെന്നും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തുടക്കത്തിലേ പറഞ്ഞു തീർക്കണമെന്നും പത്മജ നേതൃത്വത്തോടായി പറഞ്ഞിരുന്നു.
അനിൽ ആന്‍റണി കോൺഗ്രസ് വിട്ടത് നിസ്സാരമായി കാണേണ്ട ഒന്നല്ല, അദ്ദേഹം പാർട്ടി പ്രവർത്തകൻ ആണോ എന്നതിൽ അല്ല, സമുന്നതനായ നേതാവിന്‍റെ മകനാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു പത്മജയുടെ പ്രതികരണം.

‘അനിൽ ആന്‍റണിയുടെ വിഷയത്തിൽ ഒന്നും പറയണ്ട എന്നാണ് വിചാരിച്ചിരുന്നത്. പക്ഷേ മനസ്സിൽ തോന്നിയ ഒരു കാര്യം പറയണം എന്ന് തോന്നി. അനിൽ ആന്‍റണി പോയത് നിസ്സാരമായി കാണാവുന്ന ഒന്നല്ല. അദ്ദേഹം പാർട്ടി പ്രവർത്തകൻ ആണോ എന്നുള്ളതല്ല കാര്യം. പക്ഷേ അദ്ദേഹം കോൺഗ്രസിന്‍റെ സമുന്നതനായ നേതാവിന്‍റെ മകനാണ്’. എന്നായിരുന്നു കുറിപ്പ് തുടങ്ങുന്നത്.

‘കരുണാകരന്‍റെ മക്കളായാലും ആന്‍റണിയുടെ മക്കളായാലും അവർ ജനിച്ചത് മുതൽ വിശ്വസിക്കുന്നതും കാണുന്നതും കോൺഗ്രസിന്‍റെ രാഷ്ട്രീയമാണ്. കുഞ്ഞുനാള് മുതൽ അച്ഛനും അമ്മയും പറഞ്ഞു തന്നതും ഞങ്ങൾ കണ്ടതും എല്ലാം കോൺഗ്രസ് നേതാക്കളുടെ ത്യാഗത്തിന്‍റെ കഥകളാണ്. അങ്ങിനെ വളർന്ന ഒരാൾ എന്ത് കൊണ്ട് ഈ പാർട്ടി വിട്ടു പോയി എന്നത് വളരെ ആഴത്തിൽ ആലോചിക്കേണ്ട കാര്യമാണ്. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തുടക്കത്തിലേ പറഞ്ഞു തീർക്കണം.’ പത്മജയുടെ കുറിപ്പിൽ പറയുന്നു.