ഐഎഎസ് – ഐപിഎസ് വനിതാ ഉദ്യോഗസ്ഥരുടെ പോര്; സ്വകാര്യചിത്രങ്ങള്‍ പങ്കുവച്ച്‌ ഐപിഎസ് ഉദ്യോഗസ്ഥ

single-img
20 February 2023

ഐഎഎസ് – ഐപിഎസ് വനിതാ ഉദ്യോഗസ്ഥരുടെ പോര് സ്വകാര്യചിത്രങ്ങള്‍ പുറത്തുവിടുന്ന വിധം അതിരുവിട്ടു. കര്‍ണാടകയിലെ ദേവസ്വം കമ്മിഷണറും ഐഎഎസ് ഉദ്യോഗസ്ഥയുമായ രോഹിണി സിന്ധൂരിയുടെ സ്വകാര്യചിത്രങ്ങളാണ് ഐപിഎസ് ഓഫിസറും കര്‍ണാടക കരകൗശല വികസന കോര്‍പറേഷന്‍ എംഡിയുമായ ഡി രൂപ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.

രോഹിണി സിന്ധൂരി പുരുഷ ഐഎഎസ് ഓഫീസര്‍മാര്‍ക്ക് അയച്ച ചിത്രങ്ങളാണ് ഇതെന്നാണ് രൂപയുടെ അവകാശവാദം. അതേസമയം തന്റെ വാട്‌സാപ്പ് സ്റ്റാറ്റസില്‍ നിന്ന് ശേഖരിച്ചതാണെന്നും തന്നെ വ്യക്തിഹത്യ ചെയ്യലായിരുന്നു രൂപയുടെ ലക്ഷ്യമെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രോഹിണി പറഞ്ഞു..

മൈസൂരു കെആര്‍ നഗറില്‍ നിന്നുള്ള ദള്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ സ.ര മഹേഷിന്റെ സ.ര കണ്‍വന്‍ഷന്‍ ഹാള്‍ മഴവെള്ളക്കനാല്‍ കയ്യേറി നിര്‍മിച്ചതാണെന്നു മൈസൂരു കലക്ടറായിരിക്കെ 2021ല്‍ രോഹിണി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരെ മഹേഷ് നല്‍കിയ ഒരു കോടി രൂപയുടെ അപകീര്‍ത്തിക്കേസ് നിലവിലുണ്ട്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ രോഹിണി മഹേഷിനെ കണ്ടു ചര്‍ച്ച നടത്തിയെന്ന ആരോപണത്തിനിടെയാണു ചിത്രങ്ങള്‍ പുറത്തുവന്നത്.

കോവിഡ് കാലത്തു ചാമരാജ്‌പേട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഓക്‌സിജന്‍ കിട്ടാതെ 24 പേര്‍ മരിക്കാനിടയായ സംഭവത്തില്‍, മൈസൂരു കലക്ടറെന്ന നിലയില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിക്കുന്നതില്‍ രോഹിണി കൃത്യവിലോപം കാട്ടിയെന്നും രൂപ ആരോപിക്കുന്നു. ജയില്‍ ഡിഐജി ആയിരുന്ന ഡി രൂപ നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നു ജയില്‍ അഴിമതികളില്‍ സര്‍ക്കാര്‍ കര്‍ശനനടപടി സ്വീകരിച്ചിരുന്നു. വികെ ശശികലയ്ക്കു പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കൈക്കൂലി വാങ്ങി വിഐപി പരിഗണന ഒരുക്കിയെന്ന സംഭവം പുറത്തുവന്നതും ഈ റിപ്പോര്‍ട്ടിലൂടെ ആയിരുന്നു.