രഞ്ജി പണിക്കർക്കെതിരായ വിലക്ക് നീക്കി ഫിയോക്ക്

single-img
6 December 2023

മലയാളത്തിലെ പ്രശസ്ത നടനും സംവിധായകനുമായ രഞ്ജി പണിക്കർക്കെതിരായ അപ്രഖ്യാപിത വിലക്ക് നീക്കി തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്.
സിനിമാ തീയേറ്ററുകൾക്ക് രൺജി പണിക്കർ നൽകാനുള്ള കുടിശിക സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ ധാരണയിലായതോടെയാണ് അപ്രഖ്യാപിത വിലക്ക് നീങ്ങിയത്. രഞ്ജിപണിക്കർ കൂടി പങ്കാളിയായ സിനിമ നിർമാണ – വിതരണക്കമ്പനി വൻ തുക കുടിശിക നൽകാനുണ്ടെന്നായിരുന്നു സംഘടനയുടെ ആരോപണം.

സുരേഷ് ഗോപി നായകനായ ലേലം 2 ഉൾപ്പെടെ പുതിയ നിരവധി പ്രോജക്ടുകളുടെ പേരിൽ 40 ലക്ഷത്തോളം രൂപ തീയേറ്ററുകളിൽ നിന്ന് അഡ്വാൻസ് വാങ്ങിയെന്നും എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും പ്രോജക്ടുകൾ നടപ്പാകുകയോ, പണം തിരികെ നൽകുകയോ ചെയ്തില്ലെന്നാണ് ഫിയോക്കിന്റെ ആരോപണം.
ഏകദേശം ഏഴു വർഷം മുൻപാണ് രണ്‍ജി പണിക്കരുടെ നേതൃത്വത്തിൽ പുതിയ കമ്പനി പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഫിയോക്ക് ഫെഫ്കയ്ക്കും താരസംഘടനയായ അമ്മയ്ക്കും പരാതി നൽകിയിരുന്നെങ്കിലും പ്രശ്‌നം പരിഹരിക്കാൻ സാധിച്ചിരുന്നില്ല.

ഇപ്പോൾ ആറു മാസം മുൻപ് ചേർന്ന യോഗത്തിൽ രൺജി പണിക്കരെ വിലക്കാൻ തീയേറ്റർ ഉടമകൾ തീരുമാനിച്ചെങ്കിലും ഇത് നടപ്പായിരുന്നില്ല. തുടർന്ന് കുടിശിക തീർക്കാതെ രൺജി പണിക്കരുമായി സഹകരിക്കേണ്ടതില്ലെന്നും താരം അഭിനയിച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കേണ്ടെന്നും തീരുമാനമെടുത്തിരുന്നു.