ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണം; സിദ്ദിഖ് കാപ്പന്‍ സുപ്രീംകോടതിയില്‍

single-img
17 September 2024

എല്ലാ തിങ്കളാഴ്ചയും ഉത്തര്‍പ്രദേശിലെ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പുവെയ്ക്കണമെന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ സുപ്രീംകോടതിയെ സമീപിച്ചു. തന്റെ പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്നും ഇതോടൊപ്പം സിദ്ദിഖ് കാപ്പന്‍ ആവശ്യപ്പെട്ടു.

ഇതിനെതുടർന്ന് വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യുപി സര്‍ക്കാരിന് ജസ്റ്റിസുമാരായ പി എസ് നരസിംഹ, ആര്‍ മഹാദേവന്‍ എന്നിവര്‍ അടങ്ങിയ രണ്ടംഗ ബെഞ്ച് നിര്‍ദേശം നല്‍കി. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

യുപിയിലെ ഹത്രാസിൽ പത്തൊന്‍പതുകാരിയായ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കാപ്പനെതിരെ യുഎപിഎ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയിരുന്നു.

അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടർന്ന് രണ്ടരവര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ശേഷം 2022 സെപ്റ്റംബറില്‍ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു