അതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകം; യുപി പോലീസിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്

single-img
18 April 2023

ഗുണ്ടാ-രാഷ്ട്രീയക്കാരൻ അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും പ്രയാഗ്‌രാജിൽ പോലീസ് അകമ്പടി സേവിക്കുന്നതിനിടെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉത്തർപ്രദേശ് പോലീസിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) നോട്ടീസ് അയച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ഉത്തർപ്രദേശ് ഡയറക്ടർ ജനറൽ ഓഫ് പോലീസ്, പ്രയാഗ്‌രാജ് പോലീസ് കമ്മീഷണർ എന്നിവർക്ക് നൽകിയ നോട്ടീസിൽ കമ്മീഷൻ അവരിൽ നിന്ന് നാലാഴ്ചയ്ക്കകം റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിക്കുന്ന എല്ലാ വശങ്ങളും, മരിച്ചവരുടെ മെഡിക്കൽ-ലീഗൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഇൻക്വസ്റ്റ് റിപ്പോർട്ട്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, വീഡിയോ കാസറ്റ് / പോസ്റ്റ്‌മോർട്ടം പരിശോധനയുടെ സിഡി, കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെ സൈറ്റ് പ്ലാൻ, എന്നിവ റിപ്പോർട്ടുകളിൽ ഉൾപ്പെടുത്തണം. കൂടാതെ മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ടുംവേണമെന്ന് ആവശ്യപ്പെട്ടു.

ആതിഖ് അഹമ്മദിനെയും അഷ്‌റഫ് അഹമ്മദിനെയും ശനിയാഴ്ച രാത്രി പ്രയാഗ്‌രാജിലെ മെഡിക്കൽ കോളേജിലേക്ക് പരിശോധനയ്‌ക്കായി കൊണ്ടുപോകുമ്പോൾ മാധ്യമപ്രവർത്തകരെന്ന വ്യാജേന മൂന്ന് പേർ വെടിയുതിർത്തു കൊലപ്പെടുത്തുകയായിരുന്നു.

ഈ വർഷമാദ്യം ഉമേഷ് പാലും അദ്ദേഹത്തിന്റെ രണ്ട് പോലീസ് സെക്യൂരിറ്റി ഗാർഡുകളും കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഗുജറാത്ത്, ബറേലി ജയിലുകളിൽ നിന്നാണ് ഇവരെ പ്രയാഗ്‌രാജിലേക്ക് കൊണ്ടുവന്നത്. കൊല്ലപ്പെടുമ്പോൾ സഹോദരങ്ങൾ കൈവിലങ്ങിൽ ആയിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ടെലിവിഷൻ ചാനലുകളിലും ഭയാനകമായ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു.