നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതിക്കെതിരെ രൂക്ഷവിമർശനവുമായി അതിജീവിതയുടെ സഹോദരൻ
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതിക്കെതിരെ രൂക്ഷവിമർശനവുമായി അതിജീവിതയുടെ സഹോദരൻ. ഒരു ജഡ്ജിക്കെതിരെ തന്നെ ഇത്രയും ആരോപണങ്ങൾ ഉയരുമ്പോഴും കോടതിയുടെ കൈകൾ സംശുദ്ധമാണെന്ന് തെളിയിക്കാനുള്ള ബാധ്യത കോടതിക്കുണ്ടാകേണ്ടതല്ലേയെന്ന് അദ്ദേഹം ചോദിച്ചു.
‘ഇത്രയും ഗൗരവമായ വസ്തുതകൾ ഇവിടെ നടന്നിട്ടും അത് കണ്ടില്ലെന്ന് നടിക്കുകയും അതിനെ ചോദ്യം ചെയ്യാനോ തിരുത്താനോ അതിന്റെ പേരിൽ ഒരന്വേഷണത്തിന് ഉത്തരവിടുന്നതിനോ കോടതി എന്തുകൊണ്ട് തയ്യാറാകുന്നില്ല.കോടതിയുടെ കൈകൾ സംശുദ്ധമാകണമെങ്കിൽ നീതിന്യായ വ്യവസ്ഥയ്ക്കകത്ത് ചീഞ്ഞുനാറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയേ തീരൂ, ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
നാട് നന്നാവണമെങ്കിൽ അരചൻ നന്നാകണമെന്ന് ഒരു പഴഞ്ചൊല്ലുണ്ട്. കേരള ജുഡീഷ്യറിയെ സംബന്ധിച്ചിടത്തോളം ഇത്രയേറെ ആരോപണങ്ങൾ സാധാരണക്കാരായ ജനങ്ങളിൽ നിന്ന് തന്നെ ഉയരുമ്പോൾ അത് തിരുത്താനുള്ള ബാധ്യത കോടതിക്കുണ്ട് എന്ന് വിശ്വസിക്കുന്ന ഒരു പൗരനാണ് ഞാൻ. മെമ്മറി കാർഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനോ , അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിനോ ബഹുമാനപ്പെട്ട കോടതി തയ്യാറാകാത്തത് നീതിപീഠത്തെ താങ്ങി നിർത്തുന്ന ഉദ്യോഗസ്ഥരിൽ അത്രയേറെ വിശ്വാസമുള്ളത് കൊണ്ടാണോ ? അതോ അഭിഭാഷർ അടക്കമുള്ളവരെ ചോദ്യം ചെയ്യാൻ ഇവിടുത്തെ അന്വേഷണോദ്യോഗസ്ഥർക്ക് സാധ്യമല്ല എന്ന ഒരലിഖിത നിയമം ഇവിടെ പരോക്ഷമായി നില നിലക്കുന്നുണ്ടോ ?
ഒരു ഹാക്കറെ കൊണ്ട് പ്രതിയുടെ മൊബൈൽ ഫോണുകളിലെ തെളിവുകൾ നശിപ്പിക്കാൻ അഭിഭാഷകർ തന്നെ കൂട്ട് നിൽക്കുകയും ആ ഹാക്കർ തന്നെ ഇക്കാര്യങ്ങൾ പുറത്തു പറയുകയും ചെയ്തപ്പോൾ അയാളുടെ കമ്പ്യൂട്ടർ അടക്കമുള്ള വസ്തുക്കൾ പിടിച്ചു വെക്കുകയും ചെയ്ത അഭിഭാഷകരെ ചോദ്യം ചെയ്യാൻ കോടതി എന്തുകൊണ്ടാണ് തയ്യാറാകാത്തത് ? മാത്രവുമല്ല പ്രതിയുടെ ഫോണിലെ തെളിവുകൾ നശിപ്പിക്കുന്നതിന് പ്രതിയുടെ അഭിഭാഷകർ തന്നെ മുംബയിലെ സ്വകാര്യ ലാബിൽ പോകുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്യുക . കോടതി വ്യവഹാര സമയത്തും അല്ലാത്തപ്പോഴും മെമ്മറി കാർഡ് ആക്സസ് ചെയ്തു എന്ന വസ്തുത ഇത്രമാത്രം കത്തി കയറുന്ന അവസ്ഥ ഉണ്ടായിട്ടും എന്തുകൊണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയോ അതിനെതിരെ എന്തെങ്കിലും രീതിയിൽ കോടതി ഒരു നടപടി പോലും എടുക്കുന്നില്ല?
” തേടിയവള്ളി കാലിൽ ചുറ്റി ” എന്നും മറ്റും പറഞ്ഞുകൊണ്ട് ഒരു അഭിഭാഷകൻ തന്നെയാണ് വീണ്ടും ജഡ്ജിയെ അടക്കമുള്ളവരെ പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുന്നത് . ഒരു ജഡ്ജിക്കെതിരെ തന്നെ ഇത്രയും ആരോപണങ്ങൾ ഉയരുമ്പോഴും കോടതിയുടെ കൈകൾ സംശുദ്ധമാണെന്ന് തെളിയിക്കാനുള്ള ബാധ്യത കോടതിക്കുണ്ടാകേണ്ടതല്ലേ? ഇത്രയും ഗൗരവമായ വസ്തുതകൾ ഇവിടെ നടന്നിട്ടും അത് കണ്ടില്ലെന്ന് നടിക്കുകയും അതിനെ ചോദ്യം ചെയ്യാനോ തിരുത്താനോ അതിന്റെ പേരിൽ ഒരന്വേഷണത്തിന് ഉത്തരവിടുന്നതിനോ കോടതി എന്തുകൊണ്ട് തയ്യാറാകുന്നില്ല?
കോടതിയുടെ കൈകൾ സംശുദ്ധമാകണമെങ്കിൽ നീതിന്യായ വ്യവസ്ഥയ്ക്കകത്ത് ചീഞ്ഞുനാറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയേ തീരൂ . ഇത്രയും പ്രകോപനപരമായ കാര്യങ്ങൾ ഇവിടെ നടന്നിട്ടും അതിനൊരു പ്രതിവിധി കാണാത്തതുകൊണ്ടും നീതിപീഠത്തിലുള്ള വിശ്വാസം ഇപ്പോഴും വെച്ച് പുലർത്തുന്നതുകൊണ്ടും ബഹുമാനപ്പെട്ട കോടതിയോട് ഒരിക്കൽ കൂടി ചോദിക്കുകയാണ് … അഭിഭാഷകർ നീതിക്ക് നിരക്കാത്ത പ്രവൃത്തികൾ ചെയ്താലും അഭിഭാഷകർ ചോദ്യം ചെയ്യപ്പെടരുത് എന്നൊരു അലിഖിത നിയമം ഇവിടെ നിലവിൽ ഉണ്ടോ?
അങ്ങിനെയുണ്ടെങ്കിൽ നീതിയുടെ പരിരക്ഷ ലഭിക്കുന്നതിന് കുറ്റവാളികൾ ഇനിയുള്ള കാലം തെരഞ്ഞെടുക്കുക നീതിപീഠത്തിന്റെ സുരക്ഷാകവചം തന്നെയായിരിക്കും എന്ന് ഞാനിപ്പോൾ ഉറപ്പിച്ചു പറയുന്നു . കോടതിയുമായി ബന്ധപ്പെട്ട് ഈ നടന്ന കാര്യങ്ങളെല്ലാം സത്യമാണെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടാൽ , അത് സാധാരണ ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിന് കാരണമാകും എന്ന ചിന്തയാണോ കോടതിയെ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നത് ?
ഏതാനും തൈരിന്റെ തുള്ളികൾ മതി ഒരുപാട് പാൽത്തുള്ളികളെ തൈരാക്കി മാറ്റാൻ . നീതിന്യായ വ്യവസ്ഥയ്ക്കകത്തെ ഏതാനും പേരുടെ നീതിയ്ക്ക് നിരക്കാത്ത പ്രവൃത്തികൾക്കിടയിൽ ജീവിക്കാതെ ജീവിക്കുന്ന നീതിയുക്തരായ ഒരുപാട് അഭിഭാഷകർ ഇവിടെയുണ്ട് , പലപ്പോഴും പ്രത്യക്ഷമായി പ്രതികരിക്കാൻ പോലും സാധിക്കാത്തവർ … അവർ പോലും കോടതിയുടെ ഈ പ്രവൃത്തികൊണ്ട് നനയാതെ ഈറൻ ചുമക്കേണ്ടിവരികയാണ് .
ഒരു സെലിബ്രിറ്റിക്ക് ഈ സമൂഹത്തിൽ , അതും ഈ പ്രബുദ്ധ കേരളത്തിൽ ഇത്തരമൊരവസ്ഥയാണ് സംജാതമാകുന്നതെങ്കിൽ സാധാരണക്കാരിൽ സാധാരണക്കാരായ സ്ത്രീകൾക്ക് എന്തു സുരക്ഷയാണ് ഇവിടെ കോടതിക്ക് നൽകാനാകുക? കോടതി എന്നത് പരമോന്നത നീതിപീഠമായി സാധാരണ ജനങ്ങൾക്കിടയിൽ എക്കാലവും നിലനിൽക്കണമെങ്കിൽ , നീതിന്യായ വ്യവസ്ഥയ്ക്കകത്ത് പുഴുക്കുത്തായി നില നിൽക്കുന്നവരെ , അവർ എത്രതന്നെ പ്രബലരാണെങ്കിലും അവരെയെല്ലാം നീതിയുടെ മുന്നിൽ കൊണ്ട് വരികതന്നെ ചെയ്യണം .
അവർ പഠിച്ച നിയമവും ഇന്നവർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിയമവുമല്ല നീതിന്യായ വ്യവസ്ഥ പിന്തുടരുന്നതെന്നു അവരെ ബോധ്യപ്പെടുത്താൻ ആർജ്ജവമുള്ള , നീതിന്യായ വ്യവസ്ഥയിൽ ഉറച്ചു വിശ്വസിക്കുന്ന കരുത്തുറ്റ വിധികർത്താക്കൾ ഇപ്പോഴും ഇവിടെയുണ്ട് എന്ന് വിശ്വസിക്കാനാണ് ഞാനടക്കമുള്ള സാധാരണക്കാരായ ജനങ്ങൾ ആഗ്രഹിക്കുന്നത്. ഞങ്ങളുടെ അടിയുറച്ച വിശ്വാസങ്ങൾക്ക് ഒരിക്കലും മങ്ങലേൽക്കാതിരിക്കട്ടെ . സത്യമേവ ജയതേ .