സരിതയ്ക്ക് നേരെ വധശ്രമം; ഭക്ഷണത്തിൽ സ്ലോ പോയിസൺ കലർത്തി നൽകിയത് മുന്‍ ഡ്രൈവര്‍ വിനു കുമാർ

single-img
23 November 2022

കേരളത്തിൽ രാഷ്ട്രീയ വിവാദമായി മാറിയ സോളാര്‍ കേസിലെ പരാതിക്കാരി സരിത എസ് നായര്‍ക്ക് നേരെ വധശ്രമം. ഇതിന്റെ തെളിവുകള്‍ പുറത്ത് വന്നു. ഭക്ഷണത്തിൽ രാസ പദാര്‍ത്ഥം നല്‍കിയാണ് സരിതയെ വധിക്കാന്‍ ശ്രമം നടത്തിയത് മുന്‍ ഡ്രൈവര്‍ വിനു കുമാറാണ്

സരിത നൽകിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ എഫ്‌ഐആറിൽ സ്ലോ പോയ്‌സണിങ്ങ് എന്ന രീതി ഉപയോഗിച്ച് കുറേശ്ശെയായി രാസവിഷം നല്‍കിയതിന്റെ തെളിവുകള്‍ ശാസ്ത്രീയ പരിശോധനയില്‍ ലഭിച്ചതായി പറയുന്നു.

സരിതയുടെ രക്തപരിശോധന നടത്തിയപ്പോൾ അമിത അളവില്‍ രാസവസ്തുക്കള്‍ കണ്ടെത്തി. ആന്തരിക അവയവങ്ങളെ പ്രവര്‍ത്തനരഹിതമാക്കുന്ന ആഴ്‌സനിക്ക്, മെര്‍ക്കുറി, ലെഡ് എന്നീ മാരക രാസവസ്തുക്കളാണ് സരിതയുടെ രക്തത്തില്‍ കണ്ടെത്തിയത്. ഇവ ഭക്ഷണ വസ്തുക്കളിലൂടെ ശരീരത്തിലെത്തി രക്തത്തില്‍ കലര്‍ന്ന് ഗുരുതര രോഗം പിടിപെട്ടതിനേത്തുടര്‍ന്ന് സരിത ചികിത്സ തേടിയിരുന്നു.

ശാസ്ത്രീയ പരിശോധനയ്ക്ക് പിന്നാലെ ഡോക്ടര്‍മാര്‍ നല്‍കിയ വിശദീകരണത്തേത്തുടര്‍ന്ന് സരിത പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിനുകുമാറിനെതിരെ സരിത നല്‍കിയ മൊഴികളും സരിതയെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയും അന്വേഷണ സംഘം സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്.