പാലക്കാട് രമേഷ് പിഷാരടിക്ക് പിന്തുണയുമായി ആസിഫ് അലിയും നിസാർ മാമുക്കോയയും

നിയമസഭാ തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടക്കുമ്പോൾ പാലക്കാട് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ രമേഷ് പിഷാരടിക്ക് സിനിമാ ലോകത്തുനിന്നും വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സെലിബ്രിറ്റി സ്ഥാനാർത്ഥികളിൽ മുൻനിരയിലുള്ള പിഷാരടിയുടെ രാഷ്ട്രീയ പ്രവേശനത്തെയും സ്ഥാനാർത്ഥിത്വത്തെയും പ്രേക്ഷകരും സഹപ്രവർത്തകരും ഒരുപോലെ ഉറ്റുനോക്കുന്നു. ഈ സാഹചര്യത്തിലാണ് നടൻ നിസാർ മാമുക്കോയ പിഷാരടിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. പാലക്കാട്ടെ വോട്ടർമാർക്ക് അഭിമാനിക്കാവുന്ന വ്യക്തിത്വമാണ് പിഷാരടിയുടേതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രമേഷ് പിഷാരടിയെ വ്യക്തിപരമായി ഏറെക്കാലമായി അറിയാമെന്നും കൃത്യമായ രാഷ്ട്രീയ ബോധ്യമുള്ള, നന്നായി വായിക്കുന്ന ഒരാളാണ് അദ്ദേഹമെന്നും നിസാർ മാമുക്കോയ ഫേസ്ബുക്കിൽ കുറിച്ചു. തമാശ പറയുന്നതാണ് ജോലിയെങ്കിലും ഗൗരവത്തോടെ കാര്യങ്ങളെ സമീപിക്കുന്ന സ്വഭാവമാണ് പിഷാരടിയുടേതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു ചീത്തപ്പേരും ഇല്ലാത്ത, ജനങ്ങളോട് മാന്യമായി പെരുമാറാൻ അറിയുന്ന ഒരു ജനപ്രതിനിധിയായി പിഷാരടി മാറുമെന്നും, അദ്ദേഹത്തിന്റെ പേരിൽ പാലക്കാട്ടുകാർക്ക് ഒരിക്കലും തലകുനിക്കേണ്ടി വരില്ലെന്നും ഒരു കോൺഗ്രസുകാരൻ എന്ന നിലയിൽ നിസാർ വ്യക്തമാക്കി.
നിസാർ മാമുക്കോയക്ക് പുറമെ യുവനടൻ ആസിഫ് അലിയും പിഷാരടിക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. പിഷാരടി വിളിച്ചാൽ താൻ പ്രചാരണത്തിനായി പാലക്കാട്ടേക്ക് പോകുമെന്ന് ആസിഫ് അലി പറഞ്ഞു. പിഷാരടിയുടെ വ്യക്തിപരമായ കഴിവുകളിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും, അദ്ദേഹത്തിന്റെ രാഷ്ട്രീയമായ മികവ് കാലക്രമേണ തെളിയുമെന്നും ആസിഫ് കൂട്ടിച്ചേർത്തു.


