മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്; 5,110 കോടി രൂപയുടെ ഫണ്ട് ആവശ്യപ്പെട്ട് തമിഴ്‌നാട്

single-img
12 October 2026

വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി ചെന്നൈയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൂടിക്കാഴ്ച നടത്തി. ചെന്നൈ മെട്രോ മൂന്നാം ഘട്ടത്തിന് അംഗീകാരം നൽകുക, തടഞ്ഞുവെച്ച സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതിയുടെ 5,110 കോടി രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചു.

കോയമ്പത്തൂർ, മധുരൈ മെട്രോ പദ്ധതികൾ, ഹൊസൂർ–ബൊമ്മനസാന്ദ്ര റെയിൽ പാത, അതിവേഗ റെയിൽപാത, ചെന്നൈ–കന്യാകുമാരി, ചെന്നൈ–കോയമ്പത്തൂർ പാതകളുടെ വികസനം എന്നിവയ്ക്കും അദ്ദേഹം പിന്തുണ തേടി. ദേശീയപാതകൾ ആറുവരിയാക്കുക, ഗോദാവരി–കാവേരി നദീസംയോജനം ദേശീയ പദ്ധതിയായി നടപ്പാക്കുക, മദ്രാസ് ഹൈക്കോടതിയുടെ ഔദ്യോഗിക ഭാഷയായി തമിഴിനെ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

അതേസമയം, ചെന്നൈയിലെ ചടങ്ങിൽ ‘വന്ദേമാതരം’ ആലപിക്കാതിരുന്നതും ശ്രദ്ധേയമായി. ദേശീയഗാനത്തിനും തമിഴ്‌നാട് സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്തി’നും ചടങ്ങിൽ ഇടം നൽകി. സംസ്ഥാനത്തുടനീളമുള്ള 13,000 കോടി രൂപയുടെ റോഡ്, റെയിൽവേ, ഊർജ, മെട്രോ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ചേർന്ന് നിർവഹിച്ചു. ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിലെ പൂനമല്ലി–വടപളനി പാതയും ഇതിൽ ഉൾപ്പെടുന്നു.