ഏഷ്യാനെറ്റ് ന്യൂസ് ആക്രമണം തുടർ ഭരണം സിപിഎമ്മിൽ ഉണ്ടാക്കിയ ധാർഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും പ്രതിഫലനം: വിഡി സതീശൻ

single-img
4 March 2023

മാധ്യമങ്ങൾ എല്ലാവരേയും വിമർശിക്കും. അതിന്റെ പേരിൽ മാധ്യമ സ്ഥാപനത്തിനകത്ത് കടന്നുകയറുന്നതും ജീവനക്കാരെ ഭീക്ഷണിപ്പെടുത്തുന്നതും അപലപനീയമാണ് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

തുടർഭരണത്തിന്റെ ധിക്കാരവും ധാർഷ്ട്യവും ആണത് . മാധ്യമ സ്വാതന്ത്രത്തെ കുറിച്ച് പുര പുറത്ത് കയറി സംസാരിക്കുന്ന അതേ മുഖ്യമന്ത്രിയാണ് മാധ്യമ സ്വാതന്ത്രത്തിന് കടിഞ്ഞാൺ ഇടുന്നതും. വിമർശിക്കുന്നവരെ ഭയപ്പെടുത്താനാണ് കുട്ടി പട്ടാളത്തെ കൊണ്ട് ചുടു ചോറ് വാരിച്ചത്. കേരളത്തിൽ മുണ്ടുടുത്ത മോദിയാണ് ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങൾ സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയുമൊക്കെ വിമർശിക്കും. അതിൽ പ്രതിഷേധം പ്രകടിപ്പിക്കാം. പക്ഷെ ഒരു മാധ്യമ സ്ഥാപനത്തിനുള്ളിൽ കടന്നു കയറി അവിടെയുള്ളവരെ ഭീഷണിപ്പെടുത്തി പോസ്റ്റർ ഒട്ടിക്കുന്നത് ഡൽഹിയിൽ നടക്കുന്ന സംഭവങ്ങളുടെ തനിയാവർത്തനമാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി.

ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് പറഞ്ഞ അതേ സർക്കാരാണ് അംഗീകൃത മാധ്യമ പ്രവർത്തകർ പോലും സെക്രട്ടേറിയറ്റിൽ കയറുന്നത് വിലക്കിയത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ടായിരിക്കുന്ന ജീർണതയുടെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഏഷ്യാനെറ്റിന് എതിരായ ആക്രമണം. അതിനെ യു.ഡി.എഫ് ശക്തമായി അപലപിക്കുന്നു. ഈ ധിക്കാരവും അഹങ്കാരവും അവസാനിപ്പിച്ചേ മതിയാകൂ. സിപിഎം ഇപ്പോൾ ജനങ്ങളെ വെല്ലുവിളിച്ച് തുടങ്ങിയതായും അദ്ദേഹം ആരോപിച്ചു.