എന്റെ ആരാധകര്‍ മമ്മൂട്ടി ആരാധകരും കൂടിയാകണമെന്നാണ് ഒരു മമ്മൂട്ടി ആരാധകനെന്ന നിലയില്‍ എന്റെ ആഗ്രഹം: കമൽ ഹാസൻ

single-img
25 January 2026

രാജ്യത്തിന്റെ മൂന്നാമത്തെ ഏറ്റവും ഉയർന്ന സിവിൽ ബഹുമതിയായ പത്‌മഭൂഷൺ മലയാളത്തിലെ മഹാനടൻ മമ്മൂട്ടിക്ക് ലഭിച്ചതിൽ തമിഴ്നാട് സാംസ്‌കാരിക ലോകത്തിന്റെ പ്രമുഖനായ കമല്‍ ഹാസന്‍ അഭിനന്ദനവുമായി രംഗത്തെത്തി. പത്മഭൂഷൺ നേടിയ തന്റെ പ്രിയ സുഹൃത്തിനെ അഭിനന്ദിക്കുന്നതായി കമല്‍ ഹാസന്‍ സോഷ്യല്‍ മീഡിയയിൽ കുറിച്ചു.

ഇതുവരെയും തങ്ങള്‍ ഒരുമിച്ച് അഭിനയിക്കാനുള്ള അവസരം ലഭിച്ചിട്ടില്ലെങ്കിലും, ദീര്‍ഘകാല സൗഹൃദം ഇരുവരും കാത്തുസൂക്ഷിച്ചുവരുന്നുവെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി.

കമല്‍ഹാസന്റെ വാക്കുകളുടെ മലയാള പരിഭാഷ :

എന്റെ പ്രിയപ്പെട്ട സുഹൃത്ത് മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിച്ചിരിക്കുകയാണ്. ഞങ്ങള്‍ക്ക് ഇതുവരെ ഒന്നിച്ച് അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ ദീര്‍ഘകാലമായി ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്. സംഘകാലത്തെ ചോളരാജാവ് കൊപ്പെരുഞ്ചോഴനും പാണ്ഡ്യരാജ്യത്തെ കവി പിസിരന്തിയാരും തമ്മിലുള്ളതുപോലൊരു ചങ്ങാത്തമാണ് ഞങ്ങളുടേത്. അകലെ നിന്ന് ഞങ്ങള്‍ ഇരുവരും പരസ്പരം ആരാധിക്കുന്നു. അടുത്ത് നില്‍ക്കുമ്പോള്‍ പരസ്പരം വിമര്‍ശിക്കുന്നു.

ഇനി നമ്മുക്ക് രണ്ടുപേരും മുന്‍പത്തേക്കാള്‍ കുറച്ചുകൂടി അധികം നേരില്‍ കാണാനാകുമെന്ന് എനിക്കൊരു തോന്നലുണ്ട്. എന്റെ ആരാധകര്‍ മമ്മൂട്ടി ആരാധകരും കൂടിയാകണമെന്നാണ് ഒരു മമ്മൂട്ടി ആരാധകനെന്ന നിലയില്‍ എന്റെ ആഗ്രഹം.

എന്റെ കൂട്ടുകാരന്‍ മമ്മൂട്ടി ഇതാ ഇപ്പോള്‍ പത്മഭൂഷണ്‍ മമ്മൂട്ടിയായിരിക്കുന്നു. അഭിനന്ദനങ്ങള്‍.