പിടിയിലായ ഡിആർഡിഒ ശാസ്ത്രജ്ഞൻ ഒരു വർഷമായി പാക് ഏജന്റുമായി ബന്ധം പുലർത്തുന്നു; വെളിപ്പെടുത്തി അന്വേഷണ സംഘം

single-img
5 May 2023

പാകിസ്താനറെ ചാരസംഘടനയ്ക്ക് ഇന്ത്യയുടെ രഹസ്യ വിവരങ്ങൾ കൈമാറിയതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനിലെ (ഡിആർഡിഒ) ശാസ്ത്രജ്ഞൻ ഏജന്റുമായി 2022 മുതൽ ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘം വെളിപ്പെടുത്തി.

പ്രദീപ് എം കുരുൽക്കർ (59) എന്ന ശാസ്ത്രജ്ഞനെ ബുധനാഴ്ചയായിരുന്നു മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) പൂനെയിൽ വച്ച് ഔദ്യോഗിക രഹസ്യ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പിന്നാലെ കോടതിയിൽ ഹാജരാക്കിയ ഇയാളെ മെയ് ഒമ്പതു വരെ എ.ടി.എസിന്റെ കസ്റ്റഡിയിൽ വിട്ടു.

പൂനെയിൽ പ്രവർത്തിക്കുന്ന ഡിആർഡിഒ സ്ഥാപനത്തിൽ ഡയറക്ടർ സ്ഥാനം വഹിച്ചിരുന്ന ഇയാളെ, പാക് ഏജന്റുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതിനു പിന്നാലെ അടുത്തിടെ സ്ഥാനത്ത് നിന്ന് നീക്കിയതായി എ.ടി.എസ് ഉദ്യോഗസ്ഥർ പറഞ്ഞു.

പാക് ഇന്റലിജന്റ്സ് ഓപറേറ്റീവിന്റെ ഒരു വനിതാ ഏജന്റുമായിട്ടായിരുന്നു ഇയാൾ ബന്ധം സ്ഥാപിച്ചിരുന്നത്. ഇരുവരും തമ്മിൽ 2022 സെപ്തംബർ മുതൽ വാട്ട്സ്ആപ്പ് മെസേജിലൂടെയും വോയ്സ്, വീഡിയോ കോളിലൂടേയും ബന്ധപ്പെട്ടിരുന്നതായും രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ കൈമാറിയെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

താൻ ഈ വനിതാ ഏജന്റുമായി താൻ വീഡിയോ ചാറ്റുകൾ ഉള്പ്പ്ടെ നടത്തിയിരുന്നതായി ചോദ്യം ചെയ്യലിൽ കുരുൽ‍ക്കർ സമ്മതിച്ചതായും എ.ടി.എസ് അറിയിച്ചിട്ടുണ്ട് .പാക് ഏജന്റുമായി ആശയവിനിമയം നടത്താൻ ഉപയോ​ഗിച്ചിരുന്ന പ്രതിയുടെ രണ്ട് മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുക്കുകയും ഫോറൻസിക് പരിശോധനയ്ക്കായി അയയ്ക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളി ആകുന്ന വിവരങ്ങളാണ് എന്നറിഞ്ഞ് കൊണ്ടുതന്നെയാണ് കുരുൽക്കർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വിവരങ്ങൾ കൈമാറിയതെന്ന് എ.ടി.എസ് സ്ഥിരീകരിച്ചു. സ്ഥാപനത്തിലെ തന്നെ ഒരു സഹപ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇയാളെ പിടികൂടിയത്.