ആരിഫ് മുഹമ്മദ് ഖാൻ എന്റെ ഹീറോ; മോദിയുടെ ഉറപ്പ് കേരളത്തിന് കൂടി: കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

single-img
3 February 2024

കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൻ്റെ ഹീറോയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. പ്രധാനമന്ത്രി മോദിയുടെ ഉറപ്പ് കേരളത്തിന് കൂടിയാണെന്നും കേന്ദ്രമന്ത്രി കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിൽ നടന്ന ‘അവേക്ക് യൂത്ത് ഫോർ നേഷൻ’ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ പറഞ്ഞു.

നേരത്തെ ഷാബാനു കേസിൽ മുത്തലാഖ് നിർത്തലാക്കണമെന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ്റെ ആവശ്യം. ആ കേസുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രാജീവ് ഗാന്ധി സർക്കാരിൽ നിന്ന് രാജിവെച്ചത്. ഈ സംഭവങ്ങൾ നടക്കുമ്പോൾ ഞാൻ കോളജ് വിദ്യാർഥിയായിരുന്നു. ഇന്ന് മുത്തലാഖ് നിർത്തലാക്കാൻ തീരുമാനിച്ച സഭയിൽ അംഗമാകാൻ എനിക്ക് സാധിച്ചുവെന്ന് മീനാക്ഷി ലേഖി പറഞ്ഞു.

കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരെ എസ്എഫ്‌ഐഒ അന്വേഷണത്തിന് ഉത്തരവിട്ട സംഭവത്തെക്കുറിച്ചും മീനാക്ഷി ലേഖി പ്രതികരിച്ചു.കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്നാണ് മന്ത്രി പറഞ്ഞത്. ഇപ്പോൾ നടക്കുന്നത് സുതാര്യമായ അന്വേഷണമാണെന്നും അവർ ചൂണ്ടിക്കാട്ടി. സീസറിന്റെ ഭാര്യയും സംശയത്തിന് അതീതയായിരിക്കണമെന്നും മീനാക്ഷി ലേഖി കൂട്ടിച്ചേർത്തു.