നയിക്കാൻ മെസ്സി; ലോകകപ്പ് ടീം പ്രഖ്യാപനവുമായി അര്‍ജന്റീന

single-img
11 November 2022

ഖത്തര്‍ ലോകകപ്പിലേക്ക് അര്‍ജന്റീന തങ്ങളുടെ ഫുട്ബോള്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചു. 26 അംഗടീമിനെ പരിശീലകന്‍ ലയണല്‍ സ്‌കലോണിയാണ് പ്രഖ്യാപിച്ചത്. മെസ്സി ക്യാപ്റ്റനാകുന്ന ടീമില്‍ മികച്ച കളി പുറത്തെടുക്കുന്ന യുവതാരങ്ങളും ഇടം നേടിയിട്ടുണ്ട്. ഗോൾവല കാക്കാൻ എമിലിയാനോ മാര്‍ട്ടിനെസ്, ജെറോനിമോ റൂലി, ഫ്രാങ്കോ അര്‍മാനി എന്നിവരും ചേരും.

പ്രതിരോധത്തിന്റെ കാര്യത്തിലാവട്ടെ നഹ്വെല്‍ മൊളീന്യ, ഗോണ്‍സാലോ മോണ്‍ടിയെല്‍, ക്രിസ്റ്റിയന്‍ റൊമേറോ, ജെര്‍മന്‍ പെസെല്ല, സീനിയര്‍ താരം നിക്കോളാസ് ഒട്ടമെന്‍ഡി, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, മാര്‍ക്കോസ് അക്യൂന, നിക്കോളാസ് ടാഗ്ലിയാഫിക്കോ, യുവാന്‍ ഫൊയ്ത്ത് എന്നിവര്‍ അണിനിരക്കും.

ഏത് ആക്രമണവും ചെറുക്കുന്ന മധ്യനിരയ്ക്ക് ശക്തിപകരാന്‍ പരിചയസമ്പന്നനായ റോഡ്രിഗോ ഡി പോള്‍, ലിയാന്‍ഡ്രോ പരെഡെസ്, അലെക്സിസ് മാക് അലിസ്റ്റര്‍, ഗൈഡോ റോഡ്രിഗസ്, അലക്സാണ്ട്രോ ഗോമസ്, എന്‍സോ ഫെര്‍ണാണ്ടസ്, എക്സെക്വെല്‍ പലാസിയോസ് എന്നിവരുണ്ട്.

ഇതോടൊപ്പം തന്നെ ടീമിന്റെ ആക്രമണ നിരയും അതിശക്തമാണ്. ലൗട്ടാറോ മാര്‍ട്ടിനെസ്, ജൂലിയന്‍ അല്‍വാരസ്, നിക്കോളാസ് ഗോണ്‍സാലസ്, ജോക്വിന്‍ കൊറിയ, പൗലോ ഡിബാല എന്നിവരും മെസ്സിയ്ക്കൊപ്പം മുന്നേറ്റനിരയിലുണ്ട്.ഇക്കുറി തന്റെ അഞ്ചാം ലോകകപ്പിനിറങ്ങുന്ന മെസ്സി കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.