കേരളത്തിലെ സംഘടനാ സംവിധാനം കുത്തഴിഞ്ഞു; കെ സുധാകരനെതിരെ ഹൈക്കമാന്‍ഡിനെ സമീപിച്ച് കേരളത്തില്‍ നിന്നുള്ള ഏഴ് എംപിമാര്‍

single-img
13 March 2023

വീണ്ടും ആഭ്യന്തര കലഹം രൂക്ഷമാകുമെന്ന സൂചനയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ ഹൈക്കമാന്‍ഡിനെ സമീപിച്ച് കേരളത്തില്‍ നിന്നുള്ള ഏഴ് എം.പിമാര്‍. എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനോടാണ് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ അതൃപ്തി അറിയിച്ചിരിക്കുന്നത്. എംപിമാരായ കെ.മുരളീധരനും എം.കെ രാഘവനും നോട്ടീസ് അയച്ച കെപിസിസി നേതൃത്വത്തിന്റെ നടപടിയിലും എംപിമാര്‍ അതൃപ്തി അറിയിച്ചു.

കെപിസിസി അധ്യക്ഷൻ ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് കത്തയച്ചതെന്നും എംപിമാര്‍ പരാതിപ്പെട്ടു. കേരളത്തിലെ സംഘടനാ സംവിധാനം കുത്തഴിഞ്ഞുവെന്നും തികച്ചും ഏകപക്ഷീയമായ പുന:സംഘടനാ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, കെ സുധാകരന്‍ അയച്ച നോട്ടീസിന് മറുപടി നല്‍കില്ലെന്ന് കെ.മുരളീധരനും എം.കെ രാഘവനും തീരുമാനിച്ചിട്ടുണ്ട്. കെ.സുധാകരന്‍ നോട്ടീസ് അയച്ചതിനോട് നേരത്തെ കെ മുരളീധരന്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. അപമാനിക്കാന്‍ വേണ്ടിയാണ് നോട്ടീസ് നല്‍കിയതെന്നായിരുന്നു കെ മുരളീധരന്റെ ആരോപണം. ഇനി ലോക്സഭയിലും നിയമസഭയിലേക്കും താന്‍ മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.