രാജ്യസ്നേഹികൾക്ക് കോൺഗ്രസിൽ പ്രവർത്തിക്കാനാവാത്ത സാഹചര്യമാണെന്നതിന്റെ ഉദാഹരണമാണ് അനിൽ ആന്റണിയുടെ രാജി: കെ സുരേന്ദ്രൻ

single-img
25 January 2023

രാജ്യസ്നേഹികൾക്ക് കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തിക്കാനാവാത്ത സാഹചര്യമാണെന്നതിന്റെ ഉദാഹരണമാണ് അനിൽ ആന്റണിയുടെ രാജിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാജ്യത്തിൻ്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും പരമാധികാരത്തിനും നേരെയുള്ള വിദേശശക്തികളുടെ കടന്നുകയറ്റത്തെ എതിർത്തതാണ് അനിൽ ആന്റണി കോൺഗ്രസിന് അനഭിമതനാവാൻ കാരണമെന്ന് കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

കോൺഗ്രസ് ഇപ്പോൾ താത്ക്കാലിക ലാഭത്തിന് വേണ്ടി രാജ്യതാത്പര്യം ഹനിക്കുന്നത് പതിവാക്കിയിരിക്കുകയാണ്. വിദേശശക്തികൾ ഇന്ത്യയിൽ വന്ന് തങ്ങളുടെ താത്പര്യത്തിന് അനുസരിച്ച് അന്വേഷണം നടത്തി രാജ്യത്തിന്റെ പരമോന്നത നീതി പീഠത്തെ ചോദ്യം ചെയ്യുന്ന രീതിയിൽ എടുത്ത വികലമായ ഡോക്യുമെന്ററിയെ എതിർക്കേണ്ടതിന് പകരം അത് സംസ്ഥാനം മുഴുവൻ പ്രദർശിപ്പിക്കുകയാണ് കേരളത്തിലെ കോൺഗ്രസ് ചെയ്യുന്നത്.

ഈ കാര്യത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ പോലെ ഇന്ത്യാ വിരുദ്ധ സമീപനം സ്വീകരിക്കുന്ന പാർട്ടിയായി കോൺഗ്രസും അധപതിച്ച് കഴിഞ്ഞുവെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.