കുളിക്കാതെ അരനൂറ്റാണ്ട് കാലം ജീവിച്ച്‌ ലോക ശ്രദ്ധയാകര്‍ഷിച്ച അമൗ ഹാജി 94-ാം വയസില്‍ അന്തരിച്ചു

single-img
26 October 2022

ടെഹ്‌റാന്‍:  കുളിക്കാതെ അരനൂറ്റാണ്ട് കാലം ജീവിച്ച്‌ ലോക ശ്രദ്ധയാകര്‍ഷിച്ച ഇറാന്‍കാരനായ അമൗ ഹാജി 94-ാം വയസില്‍ അന്തരിച്ചു.

‘ലോകത്തിലെ ഏറ്റവും വൃത്തിഹീനന്‍’ എന്ന് ലോകം വിശേഷിപ്പിച്ചിരുന്ന ഇയാള്‍ 50 ലേറെ വര്‍ഷമായി കുളിക്കാതെ ജീവിക്കുകയായിരുന്നു.

ഇദ്ദേഹത്തിന്റെ മരണ വാര്‍ത്ത പ്രാദേശിക മാധ്യമങ്ങളാണ് ആദ്യം റിപോര്‍ട് ചെയ്തത്. പിന്നാലെ അന്താരാഷ്ട്ര മാധ്യമങ്ങളും വാര്‍ത്ത റിപോര്‍ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇറാന്റെ തെക്കന്‍ പ്രവിശ്യയായ ഫാര്‍സിലെ ദേജ് ഗാഹ്
ഗ്രാമത്തില്‍ വച്ചാണ് ഇദ്ദേഹം മരിച്ചതെന്നാണ് ഇറാന്‍ വാര്‍ത്താ ഏജന്‍സി ഐ ആര്‍ എന്‍ എ റിപോര്‍ട് ചെയ്തിരിക്കുന്നത്.

വിചിത്രമായ കാരണത്താലാണ് അമൗ ഹാജി കുളിക്കാതിരുന്നത്. പതിറ്റാണ്ടുകള്‍ കുളിക്കാതെ ജീവിച്ചത് തന്റെ ആരോഗ്യത്തിന് വേണ്ടിയാണെന്ന് ഇയാള്‍ വാദിച്ചിരുന്നു. വെള്ളമോ, സോപോ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ് ഗ്രാമവാസികള്‍ ചേര്‍ന്ന് ഇദ്ദേഹത്തെ കുളിപ്പിച്ചിരുന്നതായും ഐ ആര്‍ എന്‍ എ റിപോര്‍ടില്‍ പറയുന്നു. നേരത്തേ പലതവണ കുളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവിവാഹിതനായിരുന്ന ഹാജി സമ്മതിച്ചിരുന്നില്ല. കുളിച്ചാല്‍ രോഗം വരുമെന്ന ഭയം കാരണമാണ് ഇദ്ദേഹം അരനൂറ്റാണ്ടിലേറെ കുളിക്കാതിരുന്നത്.

കുളിച്ചാല്‍ തനിക്ക് സുഖമില്ലാതെ ആകുമെന്നും വൃത്തി തന്നെ രോഗിയാക്കുമെന്നുമാണ് ഹാജി വിശ്വസിച്ചിരുന്നത്. ദശകങ്ങള്‍ കുളിക്കാതിരുന്ന് കുളിച്ചതിന് പിന്നാലെ രോഗബാധിതനായ ഹാജി ഞായറാഴ്ചയാണ് മരിച്ചത്.

പന്നി മാംസമായിരുന്നു ഹാജിയുടെ പ്രിയഭക്ഷണമെന്ന് 2014ല്‍ ടെഹ്‌റാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഇയാള്‍ പറയുന്നുണ്ട്. ചത്ത് ചീഞ്ഞ മൃഗമാംസവും പഴയ എണ്ണ കാനില്‍നിന്നുള്ള ശുചിത്വമില്ലാത്ത വെള്ളവുമായിരുന്നു സ്ഥിരം കഴിച്ചുകൊണ്ടിരുന്നത്. പുകവലിക്ക് അടിമയായിരുന്നുവെന്നും പറയുന്നു. ഒരേസമയം അഞ്ച് സിഗരറ്റുകള്‍ വരെ വലിക്കുമായിരുന്നു ഇദ്ദേഹം എന്നാണ് പ്രദേശ വാസികള്‍ പറയുന്നത്. ചീഞ്ഞ മുള്ളന്‍പന്നിയുടെ മാംസമാണ് അദ്ദേഹം ഇഷ്ടപ്പെടുന്നതെന്നും പ്രദേശ വാസികളില്‍ പലരും പറഞ്ഞിട്ടുണ്ട്. തുരുമ്ബിച്ച പാത്രത്തില്‍ കുളങ്ങളില്‍ നിന്ന് ശേഖരിക്കുന്ന അഞ്ച് ലിറ്ററോളം വെള്ളം കുടിക്കാറുണ്ടായിരുന്നു അമൗ ഹാജി എന്നും റിപോര്‍ടുകളുണ്ടായിരുന്നു.

ഇറാനിലെ തെക്കന്‍ പ്രവിശ്യയായ ഫാര്‍സിലെ ദേജ് ഗാഹ് ഗ്രാമത്തിലാണ് ഹാജി വര്‍ഷങ്ങളായി ജീവിച്ചു പോന്നിരുന്നത്. ചെറുപ്പകാലത്തുണ്ടായ തിക്താനുഭവങ്ങളാണ് ഇത്തരമൊരു ശീലത്തിനുകാരണമെന്നാണ് റിപോര്‍ട്. ലോക മാധ്യമങ്ങളില്‍ പലപ്പോഴും ഇദ്ദേഹത്തിന്റെ വിചിത്ര സ്വഭാവം വാര്‍ത്തയായിട്ടുണ്ട്. ‘ദി സ്‌ട്രേന്‍ജ് ലൈഫ് ഓഫ് അമൗ ഹാജി’ എന്ന ഡോക്യുമെന്ററിയും വലിയ തോതില്‍ ശ്രദ്ധ നേടിയിരുന്നു.