ഡല്‍ഹി സര്‍വീസ് ബില്‍ ലോക്‌സഭയിൽ അവതരിപ്പിച്ച് അമിത് ഷാ

single-img
1 August 2023

സംസ്ഥാനത്തെ ഉദ്യോഗസ്ഥ നിയമനങ്ങളിലും സ്ഥലം മാറ്റങ്ങളിലും കേന്ദ്രസർക്കാരിന് പൂര്‍ണ അധികാരം നല്‍കുന്ന ഡല്‍ഹി സര്‍വീസ് ബില്‍ ലോക്‌സഭയിൽ അവതരിപ്പിച്ചു. ഗവൺമെന്റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി (ഭേദഗതി) ബിൽ, 2023 കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷായാണ് അവതരിപ്പിച്ചത്.

കേന്ദ്ര ഭരണ പ്രദേശമായ ഡൽഹിയുമായി ബന്ധപ്പെട്ട് ഏത് നിയമവും കൊണ്ടുവരാൻ ഭരണഘടന പാർലമെന്റിന് എല്ലാ അവകാശവും നൽകുന്നുവെന്ന് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു. തുടർന്ന് ബില്ലിൽ ബിജു ജനതാദൾ (ബിജെഡി) കേന്ദ്രത്തെ പിന്തുണച്ചു. ഡൽഹിയുടെ കാര്യത്തിൽ പാർലമെന്റിന് ഏത് നിയമവും നടപ്പാക്കാമെന്ന് സുപ്രീം കോടതി വിധിയിൽ പറയുന്നുവെന്ന് ബിജെഡി എംപി പിനാകി മിശ്ര പറഞ്ഞു.

ബില്ലിനെതിരെയുള്ള എല്ലാ എതിർപ്പുകളും രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലാപം തുടരുന്ന മണിപ്പൂരിലെ സ്ഥിതിഗതികളെച്ചൊല്ലി ലോക്‌സഭയിലും രാജ്യസഭയിലും ബഹളമുണ്ടായ സാഹചര്യത്തിലാണ് ഇന്ന് ഉച്ചയോടെ ബില്ല് മേശപ്പുറത്ത് വെച്ചത്.

ഇന്ന് രാവിലെ 11 മണിക്ക് ലോക്‌സഭാ സ്പീക്കർ ഓം ബിർള ചോദ്യോത്തരവേള ആരംഭിക്കാൻ ശ്രമിച്ചപ്പോൾ മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. പിന്നാലെ, പാർലമെന്റിന്റെ ഇരുസഭകളും 15 മിനിറ്റോളം പ്രവർത്തിച്ചതിന് ശേഷം നിർത്തിവെക്കുകയായിരുന്നു.