അമേരിക്കന്‍ റാപ്പര്‍ ടേക്ക്‌ഓഫ്‌ വെടിയേറ്റ് മരിച്ചു

single-img
2 November 2022

ടെക്‌സാസ്: അമേരിക്കന്‍ റാപ്പര്‍ ടേക്ക്‌ഓഫ്‌ വെടിയേറ്റ് മരിച്ചു. ടെക്‌സാസിലെ ഹൂസ്റ്റണില്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് കൊലപാതകം നടന്നത്.

തര്‍ക്കത്തെ തുടര്‍ന്നാണ്‌ കൊലപാതകമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

അറ്റ്‌ലാന്റ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിപ് ഹോപ് ബാന്‍ഡ് മിഗോസിലെ അംഗമാണ് ടേക്ക്‌ഓഫ്. ഡൈസ് ഗെയിമുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. 50ഓളം പേര്‍ കൂടിനില്‍ക്കെയായിരുന്നു ആക്രമണം. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കിര്‍ഷ്‌നിക് ഖാരി ബാള്‍ എന്നാണ് ടേക്ക്‌ഓഫിന്റെ യഥാര്‍ഥ പേര്. 2013ല്‍ പുറത്തിറങ്ങിയ ‘വെര്‍സേസ്’ എന്ന ആല്‍ബത്തോടെ ശ്രദ്ധനേടിയ മിഗോസ് ബാന്‍ഡ് ഈ വര്‍ഷമാദ്യം പിരിച്ചുവിട്ടിരുന്നു.