എ.കെ.ജി സെൻ്റർ ആക്രമണം: സ്‌കൂട്ടർ കിട്ടി; അന്വേഷണം യൂത്ത് കോൺഗ്രസ് ജില്ലാ നേതാവിലേക്ക്

single-img
30 September 2022

എ.കെ.ജി സെൻ്റർ ആക്രമണക്കേസിലെ നിർണായക തെളിവായ സ്കൂട്ടർ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്തിന് സമീപം കഠിനംകുളത്ത് നിന്നുമാണ് ഡിയോ സ്കൂട്ടർ കണ്ടെത്തിയത്. യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ ഷാജഹാന്റെ ഡ്രൈവറുടേതാണ് ഈ വാഹനം. എ.കെ.ജി സെൻ്റർ ആക്രമണക്കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ ഷാജഹാനു പങ്കുണ്ട് എന്നാണു പോലീസ് ഇപ്പോൾ കരുതുന്നത്. ഇയാളെ ഉടൻ ചോദ്യം ചെയ്യും.

ഇന്നലെ ജിതിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അതിനു പിന്നാലെയാണ് നിർണ്ണായക തെളിവ് അന്വേഷണ സംഘം കണ്ടെടുക്കുന്നതു. ഇനി പ്രതി ബോംബെറിഞ്ഞ സമയത്തു ധരിച്ചിരുന്ന ടി ഷർട്ടും കണ്ടെടുക്കാനുണ്ട് എന്നാണ് പോലീസ് നൽകുന്ന സൂചന. ഇതിനു വേണ്ടി ഉള്ള അന്വേഷണം പുരോഗമിക്കുകയാണ്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജിതിൻ്റെ ജാമ്യാപേക്ഷ തള്ളിയത്.

അതേസമയം എകെജി സെൻറ്റിലേക്ക് ജിതിൻ എറിഞ്ഞത് അത്യുഗ്രശേഷിയുള്ള സ്ഫോടകവസ്തു എന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എന്നാൽ കേസ് രാഷ്ട്രീയ നാടകമെന്നും മുഖം വ്യക്തമല്ലാത്ത സിസിടിവിയിൽ നിന്ന് എങ്ങനെ ടീഷർട്ടും ഷൂസും തിരിച്ചറിഞ്ഞുവെന്നും പ്രതിഭാഗം വാദിച്ചു. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും എന്ന് ജിതിൻറെ അഭിഭാഷകൻ അറിയിച്ചു.