എ.കെ.ജി സെന്റര്‍ ആക്രമണ കേസ്: ഒളിവിൽ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിക്കായി അന്വേഷണം ശക്തമാക്കി

single-img
1 October 2022

എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനും പ്രതിക്ക് ബൈക്ക് എത്തിച്ചു നൽകിയ വനിത നേതാവും ഒളിവിലെന്ന് ക്രൈംബ്രാഞ്ച്. ജിതിന്‍ പിടിയിലാകുന്നതിന് മുന്‍പ് തന്നെ സുഹൈല്‍ ഒളിവില്‍ പോയി. ജിതിന്‍ പിടിയിലായതിന് പിന്നാലെ വനിതാ നേതാവും. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങളും പൊലീസ് തുടങ്ങിയാതായി ആണ് സൂചന.

സുഹൈല്‍, സ്കൂട്ടര്‍ ഉടമ സുധീഷ്, സ്കൂട്ടര്‍ ജിതിന് എത്തിച്ച് നല്‍കിയ വനിത നേതാവ് എന്നിവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയ്ക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച കേസിലും സുഹൈലിന് പങ്കുള്ളതായി സംശയമുണ്ട്. അന്ന് വിമാനത്തില്‍ സുഹൈലുമുണ്ടായിരുന്നു. ചോദ്യം ചെയ്യാനായി നോട്ടീസ് നല്‍കിയെങ്കിലും ഹാജരായില്ല. ഇതെല്ലാം കേന്ദ്രീകരിച്ചാണ് ഗൂഡാലോചന അന്വേഷിക്കുന്നത്.

എ.കെ.ജി സെന്റര്‍ ആക്രമണത്തിന്റെ ഗൂഡാലോചന നടന്നത് സ്ഫോടക വസ്തു എറിഞ്ഞതിന് ഒരാഴ്ച മുന്‍പെന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്. അതായതു സ്ഫോടക വസ്തു എറിഞ്ഞത് ജൂണ്‍ 30നാണ്. എന്നാൽ ജൂണ്‍ 24ന് ശേഷമാണ് കഴക്കൂട്ടം കേന്ദ്രീകരിച്ച് ഗൂഡാലോചന തുടങ്ങിയതെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തു വരൂ എന്നാണു കരുതുന്നത്.