ജനങ്ങളെ ആക്രമിക്കുന്ന ആനകളെ പിടികൂടും: എ.കെ ശശീന്ദ്രന്‍

single-img
26 March 2023

ജനങ്ങളെ ആക്രമിക്കുന്ന കാട്ടാനകളെ പിടികൂടും എന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. മൃഗ സ്നേഹികള്‍ കോടതിയില്‍ സമീപിച്ചതില്‍ തെറ്റില്ലെന്നും അത് അവരുടെ അവകാശമാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ തീവ്ര നിലപാടാണ് മൃഗസ്നേഹികളുടേത് എന്നും മന്ത്രി കുറ്റപ്പെടുത്തി.

ആനയെ പിടിക്കരുത് എന്ന നിര്‍ദേശം അപ്രായോഗികമാണ്. ആനയെ മയക്കുവെടി വെക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

അരിക്കൊമ്പനെ മയക്ക് വെടിവെച്ച് പിടികൂടുന്നത് കോടതി താൽക്കാലികമായി തടഞ്ഞെങ്കിലും വനം വകുപ്പിന്‍റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ദൗത്യസംഘത്തിന്‍റെ തലവനായ ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയും ജില്ലയിലെത്തിയിട്ടുണ്ട്. മോക്ഡ്രിൽ നടത്തുന്നതിന് കോടതി ഉത്തരവ് തടസ്സമല്ലെന്ന് ഡോ. അരുൺ സക്കറിയ പറഞ്ഞു. 30ന് ദൗത്യം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. അതേസമയം ഹൈകോടതിയിലെ കേസിൽ കക്ഷിചേരുന്നതിന് ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്‍റുമാർ നടപടികൾ ആരംഭിച്ചു.