അസുഖബാധിതയായ അമ്മയെ നോക്കാൻ പഠനം ഉപേക്ഷിച്ച അജിത്രയ്ക്ക് സർട്ടിഫിക്കറ്റുകൾ തിരിച്ചു കിട്ടും; വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ്

single-img
9 May 2023

അസുഖബാധിതയായ അമ്മയെ സംരക്ഷിക്കാനായാണ് ചെറുന്നിയൂർ സ്വദേശിനി അജിത്ര ബി.എസിന് തന്റെ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത്. ഇടുക്കി, പീരുമേട് അയ്യപ്പ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ ഒന്നാംവർഷ ബി.സി.എ കോഴ്സിന് 2022 ഒക്ടോബറിലാണ് അജിത്ര ചേർന്നത്.

എന്നാൽ ഒരു സെമസ്റ്റർ പോലും പൂർത്തിയാക്കാനാകാതെ പഠനം ഉപേക്ഷിക്കേണ്ടി വന്നു. 62523 രൂപ ഫീസ് അടച്ചാൽ മാത്രമേ കോളേജ് അധികൃതർ എസ്എസ്എൽസി, പ്ലസ് ടു സർട്ടിഫിക്കറ്റുകളും ടി.സി യും തിരികെ നൽകൂ എന്ന നിലപാടെടുത്തതോടെയാണ് വർക്കല നടന്ന താലൂക്ക് അദാലത്തിലേക്ക് അജിത്ര എത്തിയത്.

നിർധന കുടുംബത്തിലെ അംഗമാണ് പരാതിക്കാരി. അച്ഛന്റെ വരുമാനത്തെ ആശ്രയിച്ചാണ് അനിയത്തിയുടെ പഠനവും അമ്മയുടെ ചികിത്സാ ചെലവുകളും മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ സാഹചര്യത്തിൽ സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കുന്നതിനായി വലിയ തുക മുടക്കാൻ കുടുംബത്തിനാകില്ല.

വേദിയിലുണ്ടായിരുന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ കാര്യങ്ങൾ ധരിപ്പിച്ചതോടെ, മന്ത്രി കോളേജ് അധികൃതരുമായി ഫോണിൽ ബന്ധപ്പെട്ട് വിദ്യാർത്ഥിനിയുടെ സർട്ടിഫിക്കറ്റുകൾ തിരിച്ചു നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇപ്പോൾ വർക്കലയിലെ ഒരു സ്ഥാപനത്തിൽ കമ്പ്യൂട്ടർ പഠനം നടത്തുകയാണ് അജിത്ര. സർട്ടിഫിക്കറ്റുകൾ തിരിച്ചു കിട്ടും എന്ന സന്തോഷത്തിലാണ് അദാലത്ത് വേദിയിൽ നിന്നും അജിത്ര മടങ്ങിയത്.