മഹാരാഷ്ട്രയിൽ എൻസിപി പിളർത്തി അജിത് പവാർ; ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

single-img
2 July 2023

മഹാരാഷ്ട്രയിൽ നടന്ന വൻ രാഷ്ട്രീയ നീക്കത്തിൽ എൻസിപിയെ പിളർത്തി അജിത് പവാർ ഏക്നാഥ് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. എൻസിപിയുടെ കീഴിലുള്ള ഒമ്പത് എംഎൽഎമാരും അദ്ദേഹത്തിനൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

വളരെയധികം നാടകീയ നീക്കങ്ങൾക്കൊടുവിൽ എൻസിപിയെ പിളർത്തി ഏക് നാഥ് ഷിൻഡെ സർക്കാരിന്റെ ഭാഗമായിരിക്കുകയാണ് അജിത് പവാർ. തന്നെ പിന്തുണയ്ക്കുന്ന 13 എംഎൽഎമാർക്ക് ഒപ്പമാണ് അജിത് പവാർ രാജഭവനിലെത്തിയത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടേയും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസും രാജ്ഭവനിലെത്തിയിരുന്നു. ഇരുവരുടെയും സാന്നിധ്യത്തിലാണ് രാജ് ഭവനിൽ സത്യപ്രതിജ്ഞ നടന്നത്.

29 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്നാണ് അജിതിന്റെ അവകാശവാദം. ഭൂരിഭാഗം പേരും അജിതിനൊപ്പമാണെങ്കിലും എംഎൽഎമാരുടെ എണ്ണത്തിൽ വ്യക്തതയായിട്ടില്ല. മുതിർന്ന നേതാവ് പ്രഫുൽ പട്ടേലും അജിത് പവാറിനൊപ്പമുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെ, പ്രതിപക്ഷ ഐക്യരൂപീകരണത്തിനിടെ എൻസിപിയുടെ മുതിർന്ന നേതാക്കളെ ഒന്നടങ്കം അടർത്തി എടുക്കാനായെന്നത് ബിജെപിക്ക് രാഷ്ട്രീയ നേട്ടമാണ്.