ബരാമതിയിൽ വിമാനപകടം: അജിത് പവാർ അന്തരിച്ചു

മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ (66) വിമാനപകടത്തിൽ അന്തരിച്ചു. മഹാരാഷ്ട്രയിലെ ബരാമതിയിൽ സ്വകാര്യവിമാനം തകർന്നുവീണുണ്ടായ അപകടത്തിലാണ് അദ്ദേഹത്തിന്റെ മരണം. ഡിജിസിഎ മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഇന്ന് രാവിലെ മുംബൈയിൽ നിന്ന് ബരാമതിയിലേക്ക് അജിത് പവാറും അനുയായികളും സ്വകാര്യവിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു. ലാൻഡിംഗിനിടെ സാങ്കേതിക തകരാർ നേരിട്ട വിമാനം പൈലറ്റ് ക്രാഷ് ലാൻഡിംഗ് ശ്രമിക്കുന്നതിനിടെ സമീപത്തെ വയലിൽ ഇടിച്ചിറങ്ങുകയായിരുന്നു. ഇടിയോടെ വിമാനം പൂർണമായും കത്തിനശിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
ഗുരുതര പരുക്കുകളോടെ അജിത് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹത്തോടൊപ്പം വിമാനത്തിലുണ്ടായിരുന്ന അഞ്ചുപേരും അപകടത്തിൽ മരിച്ചു എന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
ബരാമതിയിൽ ഒരു റാലിയിൽ പങ്കെടുക്കാനായിരുന്നു അജിത് പവാർ എത്തിയത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനും ഏകദേശം 25 മിനിറ്റ് മുമ്പാണ് അപകടം നടന്നത്. വിവരം ലഭിച്ച ഉടൻ പോലീസും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ആരെയും രക്ഷിക്കാനായില്ല.


