കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കാന്‍ ധാരണ; പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് ടിഡിഎഫ്

single-img
29 September 2022

കേരളത്തിൽ അടുത്തമാസം ഒന്നുമുതല്‍ തന്നെ കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കാന്‍ യൂണിയനുകളുമായി നടത്തിയ ചർച്ചയിൽ ധാരണ. ആദ്യഘട്ടത്തിൽ ഒരു ഡിപ്പോയില്‍ മാത്രമാണ് സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കുന്നത്.

ഇന്ന് വിവിധ യൂണിയന്‍ നേതാക്കളുമായി മാനേജ്‌മെമെന്റ് നടത്തിയ രണ്ടാം വട്ട ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. എന്നാൽ പണിമുടക്കാനാണ് കോൺഗ്രസ് അനുകൂല യൂണിയനായ ടിഡിഎഫ് തീരുമാനം. അടുത്തമാസം ഒന്നുമുതല്‍ ആഴ്ചയില്‍ 6 ദിവസമാണ് സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കുന്നത്.

ആദ്യം തിരുവനന്തപുരത്തെ പാറശാല ഡിപ്പോയില്‍ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കുക. സർക്കാർ- മാനേജ്‌മെന്റ് തീരുമാനത്തെ സിഐടിയു അംഗീകരിച്ചു. നേരത്തെ സംസ്ഥാനത്തെ എട്ട് ഡിപ്പോകളില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കാന്‍ തീരുമാനിച്ചെങ്കിലും തയ്യാറാക്കിയ ഷെഡ്യൂളിലെ അപാകത യൂണിയനുകള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്.

ടിഡിഎഫ് നടത്തുന്ന പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കുമെന്നും, സെപ്റ്റംബറിലെ ശമ്പളം നല്‍കില്ലെന്നും മാനേജ്മെന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.