പുതിയ തലമുറയിലെ നായികമാർക്ക് അഭിനയത്തേക്കാൾ താൽപര്യം പണത്തോടും പ്രശസ്തിയോടും; വിമർശനവുമായി നടി ഇനിയ

single-img
6 November 2026

പുതിയ തലമുറയിലെ നായികമാർക്ക് അഭിനയത്തോട് വലിയ ആത്മാർഥതയില്ലെന്നും പണത്തിനും പ്രശസ്തിക്കുമാണ് കൂടുതൽ താൽപര്യമെന്നും നടി ഇനിയ. കുറച്ച് സിനിമകളിൽ അഭിനയിച്ച് പണം സമ്പാദിക്കുകയും പ്രശസ്തി നേടുകയും ചെയ്തശേഷം സിനിമയിൽനിന്ന് പിന്മാറുന്ന രീതിയാണ് പലരും പിന്തുടരുന്നതെന്നും ഇനിയ വിമർശിച്ചു. നയൻതാര നായികയായെത്തുന്ന ‘മൂക്കുത്തി അമ്മൻ 2’ ആണ് ഇനിയയുടേതായി ഇപ്പോൾ തിയറ്ററുകളിലെത്തിയ ചിത്രം.

മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇനിയയുടെ പ്രതികരണം. ഇഴുകിച്ചേർന്ന രംഗങ്ങളുള്ള സിനിമകളിലും അല്ലാത്ത സിനിമകളിലും താൻ അഭിനയിച്ചിട്ടുണ്ടെന്നും അത്തരം രംഗങ്ങളിൽ അഭിനയിച്ചതിന്റെ പേരിൽ മോശം കമന്റുകൾ നേരിടേണ്ടിവന്നിട്ടുണ്ടെന്നും താരം പറഞ്ഞു. എന്നാൽ അതിന്റെ പേരിൽ പിന്നീട് ഒരിക്കലും വിഷമിച്ചിട്ടില്ലെന്നും സ്വന്തം സമ്മതത്തോടെയും സംവിധായകനുമായി ചർച്ച ചെയ്തും തിരക്കഥ മനസ്സിലാക്കിയുമാണ് അത്തരം രംഗങ്ങളിൽ അഭിനയിച്ചതെന്നും ഇനിയ വ്യക്തമാക്കി.

അത്തരം രംഗങ്ങളുള്ള തന്റെ സിനിമകൾക്ക് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അവ സൗന്ദര്യാത്മകമായി അവതരിപ്പിച്ചതാണ് അതിന് കാരണമെന്നും ഇനിയ പറഞ്ഞു. ഒരു രംഗം എങ്ങനെ അവതരിപ്പിക്കണമെന്നത് ഓരോരുത്തരുടെയും താൽപര്യവും കാഴ്ചപ്പാടുമാണ്. എന്നാൽ ഇപ്പോഴത്തെ തലമുറയിലെ നായികമാർ സിനിമയെയും കലയെയും എത്രത്തോളം ഗൗരവമായി കാണുന്നുണ്ടെന്ന കാര്യത്തിൽ സംശയമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.