സിനിമ-ടെലിവിഷൻ-തീയേറ്റർ താരം വിക്രം ഗോഖലെ അന്തരിച്ചു

single-img
26 November 2022

പ്രശസ്ത സിനിമാ- സീരിയല്‍- നാടക നടന്‍ വിക്രം ഗോഖലെ ( 77) അന്തരിച്ചു. സാരമായ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. ഏതാനും ദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

മറാഠി നാടകങ്ങളിലൂടെ അഭിനയത്തിലേക്ക് എത്തിയ വിക്രം ഗോഖലെ പിന്നീട് ഹിന്ദി, മറാഠി സിനിമകളിലൂടെയും ടെലിവിഷന്‍ പരമ്പരകളിലൂടെയും നിരവധി ആരാധകരെ നേടി. അഗ്‌നീപഥ്, ഭൂല്‍ ഭുലയ്യ, ഹം ദില്‍ ദേ ചുകെ സനം, മിഷന്‍ മംഗള്‍ എന്നിവ ശ്രദ്ധേയ ചിത്രങ്ങളാണ്.

അനുമതി എന്ന മറാഠി ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയിരുന്നു. മറാഠി ചിത്രമായ ഗോദാവരിയാണ് റിലീസായ ഏറ്റവും പുതിയ ചിത്രം. പുണെയിലെ ബാല്‍ ഗന്ധര്‍വ ഓഡിറ്റോറിയത്തില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെക്കും. ഇന്ന് വൈകുന്നേരം വൈകുണ്ഡ് ശ്മശാനത്തില്‍ അന്തിമസംസ്‌കാരച്ചടങ്ങുകള്‍ നടക്കുമെന്ന് കുടുംബസുഹൃത്ത് അറിയിച്ചു.