ദുബായ് നിരത്തുകളിൽ അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ നടപടി; 2,000 ദിർഹം പിഴ, കഴിഞ്ഞ മാസം പിടിച്ചെടുത്തത് 218 വാഹനങ്ങൾ

single-img
7 November 2026

ദുബായ് നിരത്തുകളിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കുകയും അമിത ശബ്ദമുണ്ടാക്കി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യുന്ന ഡ്രൈവർമാർക്കെതിരെ നടപടികൾ കടുപ്പിച്ച് ദുബായ് പൊലീസ്. ഇത്തരം നിയമലംഘനങ്ങൾക്ക് 2,000 ദിർഹം പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങളും ഫീൽഡ് പട്രോളിംഗും ഉപയോഗിച്ച് കഴിഞ്ഞ മാസം മാത്രം 218 വാഹനങ്ങൾ പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.

പ്രത്യേകിച്ച് ജനവാസ മേഖലകളിൽ ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന രീതിയിൽ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ശബ്ദമലിനീകരണവും റോഡപകടങ്ങളും തടയുന്നതിന്റെ ഭാഗമായി ട്രാഫിക് വിഭാഗം പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.

നിയമലംഘകരെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹകരണവും പൊലീസ് തേടിയിട്ടുണ്ട്. അനാവശ്യ ശബ്ദമുണ്ടാക്കുകയോ ട്രാഫിക് നിയമങ്ങൾ ലംഘിക്കുകയോ ചെയ്യുന്ന വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ദുബായ് പൊലീസ് ആപ്പിലെ ‘Police Eye’ സേവനം വഴി അധികൃതരെ അറിയിക്കാം.