ആര്യന്‍ഖാന്‍ പ്രതിയായ ലഹരി മരുന്ന് കേസ് അന്വേഷിച്ച എന്‍ സി ബി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വന്നേക്കും

single-img
19 October 2022

മുംബൈ: ആര്യന്‍ഖാന്‍ പ്രതിയായ ലഹരി മരുന്ന് കേസ് അന്വേഷിച്ച എന്‍ സി ബി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വന്നേക്കും.

അന്വേഷണത്തില്‍ സംശയകരമായ ഇടപെടലുകളുണ്ടായെന്ന് എന്‍ സി ബി ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്

ആര്യന്‍ ഖാനും മറ്റ് അഞ്ച് പ്രതികള്‍ക്കും എതിരെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടതിന് പിന്നാലെ എന്‍സിബി നിയോഗിച്ച വിജിലന്‍സ് സംഘത്തിന്‍റേതാണ് നിര്‍ണായക കണ്ടെത്തലുകള്‍. 3000 പേജുള്ള വിശദമായ റിപ്പോര്‍ട്ട് എന്‍സിബി ഡയറക്ടര്‍ ജനറലിന് സമര്‍പ്പിച്ച്‌ കഴിഞ്ഞു. കേസന്വേഷണം നയിച്ച എട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് സംശയകരമായ ഇടപെടലുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ലഹരി മരുന്ന് പിടികൂടുമ്ബോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചില്ല. പ്രതികളോട് പ്രത്യേകം സമീപനം സ്വീകരിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ വിവരങ്ങള്‍ എന്‍ സി ബി പുറത്ത് വിട്ടിട്ടില്ല. അന്വേഷണ സംഘത്തെ നയിച്ച സമീര്‍ വാംഗഡെ എന്‍സിബിയിലെ ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കി മടങ്ങിയിരുന്നു. ഏജന്‍സിയുടെ ഭാഗമല്ലെങ്കിലും സമീര്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് വിവരം.

ഷാരൂഖ് ഖാന്‍റെ മാനേജര്‍ പൂജ ദാദ്ലാനി അടക്കം 65- ഓളം പേരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. എന്‍സിബി ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമം ആയിരുന്നു കേസ് എന്ന ആരോപണം പൂജ ദാദ്ലാനി തള്ളി.അത്തരം നീക്കമൊന്നും അറിയില്ലെന്നായിരുന്നു മൊഴി. 2021 ഒക്ടോബറിലാണ് മുംബൈയിലെ ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിക്കിടെ ആര്യന്‍ ഖാനും സുഹൃത്തുക്കളെയും പിടികൂടിയെന്ന് എന്‍സിബി അറിയിച്ചത്. ഇതില്‍ ആര്യന്‍ഖാനടക്കം ആറ് പേരെ തെളിവുകളുടെ അഭാവത്തില്‍ കേസില്‍നിന്നും ഒഴിവാക്കിയായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്.