നരബലി; പ്രതി ഭഗവൽ സിംഗ് സിപിഎം അംഗമല്ല: എം എ ബേബി

single-img
11 October 2022

ഇലന്തൂരിൽ അന്ധവിശ്വാസമായ നരബലിയുടെ ഭാ​ഗമായി രണ്ടു സ്ത്രീകളെ കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ പ്രതി ഭഗവൽ സിംഗ് പാർട്ടി അംഗമല്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സിപിഎമ്മുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഒരുപക്ഷെ ഭഗവൽ സിംഗ് ഏർപ്പെട്ടിട്ടുണ്ടാകാമെന്നും എം എ ബേബി പറഞ്ഞു.

‘നാടിനെ ഞെട്ടിച്ച സംഭവമാണ് ഇലന്തൂരിൽ നടന്നത്. നാടിന് അപമാനവും അമർഷവും ഉണ്ടാക്കുന്ന ഒന്നാണിത്. ദൈവ സങ്കൽപ്പങ്ങളെ അപമാനിക്കുന്ന ഒരു സംഭവമാണ് ഉണ്ടായിരിക്കുന്നത്. അന്ധവിശ്വാസങ്ങൾക്ക് എതിരെ അവബോധം വളർത്തിയെടുക്കണം. കേസിൽ ഉൾപ്പെട്ട കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ നൽകണം’- എം എ ബേബി പറഞ്ഞു.

നേരത്തെ തന്നെ ഭഗവൽ സിംഗ് സിപിഎം അംഗമാണെന്ന പ്രചാരണങ്ങളെ തളളി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും രംഗത്തെത്തിയിരുന്നു. അതേസമയം, പ്രതി ഭഗവൽ സിംഗ് പത്തനംതിട്ടയിലെ സജീവ സിപിഎം പ്രവർത്തകനാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ആരോപണം.