മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യയുടെ ഫേസ്ബുക്ക് പേജില്‍ അപകീര്‍ത്തികരമായ കമന്റുകൾ; അമ്ബതുകാരി അറസ്റ്റില്‍

single-img
14 September 2022

മുംബയ്: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യയുടെ ഫേസ്ബുക്ക് പേജില്‍ അപകീര്‍ത്തികരവും അസഭ്യവുമായ കമന്റുകള്‍ പോസ്റ്റ് ചെയ്ത അമ്ബതുകാരി അറസ്റ്റില്‍.

അമൃത ഫഡ്‌നാവിസിനെതിരെ മോശം കമന്റുകള്‍ പോസ്റ്റ് ചെയ്തെന്നാരോപിച്ച്‌ സ്‌മൃതി പഞ്ചല്‍ എന്ന സ്ത്രീയെ ഇന്നലെയാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

അമൃതയുടെ ഫേസ്ബുക്ക് പേജില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവര്‍ വ്യാജ അക്കൗണ്ടുകള്‍ വഴി അസഭ്യമായ കമന്റുകള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ക്ക് 53 വ്യാജ ഫേസ്ബുക്ക് ഐഡികളും പതിമൂന്ന് ജിമെയില്‍ അക്കൗണ്ടുകളും ഉണ്ടായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇവരെ വ്യാഴാഴ്ചവരെ പൊലീസ് കസ്റ്റഡിയില്‍ വയ്ക്കാന്‍ കോടതി അനുമതി നല്‍കിയിരിക്കുകയാണ്.

അതേസമയം, സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അന്വേഷണചുമതല ഐടി കമ്ബനികള്‍ക്കും നല്‍കാനുള്ള നടപടിയെക്കുറിച്ച്‌ പരിശോധിക്കണമെന്ന് കഴിഞ്ഞയാഴ്ച ദേവേന്ദ്ര ഫഡ്‌നാവിസ് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഈ രീതി അനേകം രാജ്യങ്ങളില്‍ അവലംബിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നതിനെ സംബന്ധിച്ച്‌ ശിവസേന എം എല്‍ സി മനീഷ കയന്‍ദെയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തുടനീളം 34 സൈബര്‍ ഫോറന്‍സിക് ലബോറട്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വെബ്സൈറ്റുകളും സമൂഹമാദ്ധ്യമങ്ങളും നിരീക്ഷിക്കുന്നുണ്ടെങ്കിലും ഇത്തരം പ്രവണതകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ സൈബര്‍ ഇന്റലിജന്‍സ് യൂണിറ്റ് ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഫഡ്‌നാവിസ് സൂചിപ്പിച്ചു.