കേരളത്തിലെ സ്ഥാനാർത്ഥികളിൽ രാഹുൽ ഗാന്ധി, രാജീവ് ചന്ദ്രശേഖർ, സുരേഷ് ഗോപി, ഫ്രാൻസീസ് ജോർജ്, ശശി തരൂർ, തുഷാർ വെള്ളാപ്പള്ളി എന്നിവർ 6 കോടിക്കു മുകളിൽ ആസ്തിയുള്ളവർ

single-img
7 April 2024

കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ 6 പേര്‍ 6 കോടി രൂപയ്ക്ക് മുകളില്‍ ആസ്തിയുള്ള അതി സമ്പന്നര്‍. അവരില്‍ രണ്ടു പേര്‍ മാത്രമാണ് 10 കോടിയ്ക്കു മുകളില്‍ ആസ്തിയുള്ളവര്‍, രാജീവ് ചന്ദ്രശേഖറും (14.40 കോടി), തുഷാര്‍ വെള്ളാപ്പള്ളി (41.96 കോടി) യും.

സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇവരുടെ ആസ്തികള്‍ സംബന്ധിച്ച വെളിപ്പെടുത്തല്‍ ഉള്ളത്. മലയാളിയല്ലെങ്കിലും വയനാട്ടില്‍ മല്‍സരിക്കുന്ന രാഹുല്‍ ഗാന്ധിക്ക് 9.24 കോടിയുടെ ആസ്തിയുണ്ട്. സുരേഷ് ഗോപിയുടെ ആസ്തി 8.59 കോടിയാണ്. കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന്‍റെ ആസ്തി 6.88 കോടി രൂപയാണ്. അദ്ദേഹത്തിന്‍റെ ഭാര്യയ്ക്കും 1.44 കോടി രൂപയുടെ ആസ്തി വേറെയുമുണ്ട്.

ഫ്രാന്‍സിസ് ജോര്‍ജിന് പിന്നിലാണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. ശശി തരൂരിന്‍റെ ആസ്തി 6.75 കോടിയാണ് . രാഹുല്‍ ഗാന്ധിക്ക് ഇതിനു പുറമെ 16.36 കോടിയുടെ നിക്ഷേപമുണ്ട്. സുരേഷ് ഗോപിയുടെ നിക്ഷേപം 1 കോടി രൂപയുടേതാണ്. ഭാര്യയ്ക്ക് 1.18 കോടിയും നിക്ഷേപമുണ്ട്.

ഫ്രാന്‍സിസ് ജോര്‍ജിന് 61.48 ലക്ഷം രൂപയാണ് നിക്ഷേപമുള്ളത്. ഭാര്യയുടെ പേരില്‍ 14.41 ലക്ഷവും നിക്ഷേപമുണ്ട്. തുഷാര്‍ വെള്ളാപ്പള്ളിയുടെ നിക്ഷേപം 4.15 കോടി രൂപയാണ്. ഭാര്യയ്ക്ക് 2.09 കോടിയും നിക്ഷേപമുണ്ട്. ശശി തരൂരിന്‍റെ നിക്ഷേപം 49.31 കോടിയാണ്. എതിര്‍ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറുടെ ബാങ്ക് നിക്ഷേപം 20.92ലക്ഷം രൂപയും മറ്റ് നിക്ഷേപങ്ങള്‍ 118.96 കോടിയുടേതുമാണ്. ഭാര്യയ്ക്ക് 8 കോടിയുടെ നിക്ഷേപമുണ്ട്.

കോടിശ്വരന്മാര്‍ പരസ്പരം മല്‍സരിക്കുന്ന മണ്ഡലങ്ങള്‍ തിരുവനന്തപുരവും കോട്ടയവുമാണ്. തരൂരും (യുഡിഎഫ്) രാജീവ് ചന്ദ്രശേഖറു (എന്‍ഡിഎ)മാണ് തലസ്ഥാന മണ്ഡലത്തിലെ എതിരാളികള്‍. കോട്ടയത്ത് കോടിശ്വരന്മാരായ തുഷാര്‍ വെള്ളാപ്പള്ളിയും (എന്‍ഡിഎ) ഫ്രാന്‍സിസ് ജോര്‍ജുമാണ്.

തിരുവനന്തപുരത്തെ ഇവരുടെ പ്രധാന എതിരാളി ഇടതു മുന്നണി സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍റെ ആസ്തി 11 ലക്ഷം മാത്രമാണ്. എംപി പെന്‍ഷനാണ് അദ്ദേഹത്തിന്‍റെ വരുമാനം. കോട്ടയത്തെ പ്രധാന എതിരാളി ഇടതുപക്ഷ സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍റെ ആസ്തി 1.84 കോടിയാണ്. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റും മുന്‍ ബാങ്ക് മാനേജരുമായിരുന്ന അദ്ദേഹത്തിന്‍റെ വാര്‍ഷിക വരുമാനം 15.59 ലക്ഷം രൂപയും ഭാര്യയുടെ വരുമാനം 6.18 ലക്ഷവുമാണ്.