കോട്ടയത്തു പത്തോളം തെരുവ് നായ്ക്കൾ ചത്ത നിലയിൽ

single-img
12 September 2022

കോട്ടയം | ജില്ലയിലെ മൂളക്കുളം പഞ്ചായത്തില്‍ തെരുവ് നായകള്‍ ചത്തനിലയില്‍. മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കല്‍, കീഴൂര്‍ പ്രദേശങ്ങളിലാണ് പത്തോളം നായകളെ ഇന്ന് രാവിലെ ചത്ത നിലയില്‍ കണ്ടെത്തിയത്.

പ്രദേശത്ത് പല തവണ നാട്ടുകാര്‍ക്ക് തെരുവ് നായകളുടെ കടിയേറ്റിരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് തെരുവ് നായകളെ പിടികൂടുന്നതിന് ഒരു നടപടിയും ഉണ്ടായിരുന്നില്ല. അധികൃതര്‍ നടപടി എടുക്കാത്തതിനെ തുടര്‍ന്ന് നായകളെ വിഷംവെച്ച്‌ കൊന്നതായാണ് ആരോപണം.

കഴിഞ്ഞ ഒരു മാസത്തിനിടെ വൈക്കം പ്രദേശത്ത് മാത്രം ഇരുപതോളം പേര്‍ക്കാണ് നായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം ഭര്‍ത്താവിന്റെ വീട്ടിലേക്കു നടന്നു പോയ വീട്ടമ്മയെയും നായ ആക്രമിച്ചിരുന്നു. അതിനിടെ നായകള്‍ കൂട്ടത്തോടെ ചത്തതില്‍ പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍ രംഗത്തെത്തി. അക്രമകാരികളായ നായ്ക്കളെ പ്രതിരോധിക്കുന്നതിനുളള നടപടി സ്വീകരിക്കുന്നതിന് പകരം നിരുപദ്രവകാരികളായ നായകളെ കൊന്നൊടുക്കുകയാണെന്നാണ് ഇവരുടെ ആരോപണം.