ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അയച്ച വക്കീൽ നോട്ടീസ് പരസ്യമായി കീറിയെറിഞ്ഞു ആം ആദ്മി നേതാവ് സഞ്ജയ് സിങ്

single-img
7 September 2022

ഖാദി കുംഭകോണത്തിൽ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനക്കു പങ്കുണ്ടെന്ന ആരോപണങ്ങളിൽ മാപ്പുപറയാൻ ആവശ്യപ്പെട്ടു അയച്ച മാനനഷ്ട നോട്ടീസ് ആം ആദ്മി നേതാവും എംപിയുമായ സഞ്ജയ് സിങ് വാർത്താസമ്മേനത്തിൽ കീറിക്കളഞ്ഞു.

ഇന്ത്യൻ ഭരണഘടന എനിക്ക് സത്യം സംസാരിക്കാനുള്ള അവകാശം നൽകുന്നു. രാജ്യസഭാംഗമെന്ന നിലയിൽ എനിക്ക് സത്യം സംസാരിക്കാനുള്ള അവകാശമുണ്ട്. ഒരു കള്ളനും അഴിമതിക്കാരനും അയച്ച ഈ നോട്ടീസിൽ ഞാൻ പതറില്ല. എനിക്ക് അത്തരം നോട്ടീസുകൾ 10 തവണ കീറി എറിയാൻ കഴിയും എന്ന് പറഞ്ഞുകൊണ്ടാണ് ആം ആദ്മി നേതാവ് സഞ്ജയ് സിങ് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേന അയച്ച ക്കീൽ നോട്ടീസ് കീറിയെറിഞ്ഞത്.

തിങ്കളാഴ്‌ചയാണ് ആം ആദ്മി പാർട്ടിയിലെ സഞ്ജയ് സിംഗ്, ദുർഗേഷ് പഥക് എന്നിവർക്കും അതിഷി, സൗരഭ് ഭരദ്വാജ്, ജാസ്മിൻ ഷാ എന്നിവർക്കുമായി ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേന വക്കീൽ നോട്ടീസ് അയച്ചത്.

2015 മുതൽ 2022 വരെ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (കെവിഐസി) ചെയർപേഴ്‌സണായിരിക്കെ വി കെ സക്‌സേന നിരവധി ക്രമക്കേടുകൾ നടത്തിയതായി ആം ആദ്മി പാർട്ടി നേരത്തെ ആരോപിച്ചിരുന്നു. 2016-ൽ നോട്ടു നിരോധന സമയത്തു 1400 കോടി രൂപയുടെ കള്ളപ്പണം വി കെ സക്‌സേന ജീവനക്കാരെ ഉപയോഗിച്ച് വെളുപ്പിച്ചു എന്നും എഎപി എംഎൽഎ ദുർഗേഷ് പഥക് നിയമസഭയിൽ ആരോപണം ഉന്നയിച്ചിരുന്നു.