സൂര്യനിൽ നിന്നും ഒരു കഷ്ണം അടർന്നുമാറി; പ്രചരിക്കുന്നത് വ്യാജ വാർത്തകൾ

single-img
11 February 2023

അടുത്തകാലത്തായി മിക്കവാറും മാധ്യമങ്ങളിൽ നിറയുന്ന വാർത്തയുടെ തലക്കെട്ടുകൾ ‘സൂര്യനീന്ന് ഒരു കഷ്ണം അടർന്നുമാറി’, ‘ സൂര്യൻ പൊട്ടിത്തെറിച്ചു-ലോകം ആശങ്കയിൽ’ എന്നിങ്ങിനെയുള്ളതാണ്. എന്നാൽ എന്താണ് ഇതിന്റെ വാസ്തവം എന്ന് ചിന്തിച്ചിട്ടുണ്ടോ?

യാഥാർത്ഥത്തിൽ സൂര്യനിൽ ഇടയ്ക്കിടെ ഉണ്ടാവുന്ന ചില സംഭവങ്ങളാണ് ഇതെല്ലാം. സൂര്യനിൽനിന്ന് സെക്കൻഡുകൾതോറും കോടിക്കണക്കിനു കണികകളും വാതകങ്ങളും പുറത്തേക്ക് പോകുന്നുണ്ട്. ചില സമയത്ത് അല്പം കൂടുതൽ തെറിച്ചുപോകും എന്നതും ഉള്ളതാണ്. ഡോ.തമിതാ സ്‌കോവ് പങ്കുവച്ച് ട്വീറ്റിനെ ആസ്പദമാക്കിയാണ് വാർത്തകളെല്ലാം വന്നിരിക്കുന്നത്. ഈ വിഷയങ്ങളെല്ലാം പഠനാർഹംതന്നെ. പക്ഷേ വാർത്തകളൊക്കെ വല്ലാതെ പെരുപ്പിച്ചാണ് വരുന്നത് എന്നുമാത്രം മനസിലാക്കുക.

ഇതിനെല്ലാം പുറമെ ജെയിംസ് വെബ് ടെലിസ്കോപ്പ് സൂര്യനെ പകർത്തി എന്നൊരു വരിയും കാണുന്നു മിക്ക വാർത്തകളിലും. ജെയിംസ് വെബ് ടെലിസ്കോപ്പിന് പൊതുവിൽ സൂര്യൻ, ബുധൻ, ശുക്രൻ, ഭൂമി എന്നിവയെ കാണാനാവില്ല. പിന്നെങ്ങനെയാണ് ജെയിംസ് വെബ് ടെലിസ്കോപ്പ് വാർത്തകളിൽ വരുന്നത്.

സോളാർ ഡൈനാമിക് ഒബ്സർവേറ്ററി ഫെബ്രുവരി 2ന് പകർത്തിയ ചിത്രങ്ങളെ കൂട്ടിച്ചേർത്തു നിർമിച്ച വീഡിയോ ആണ് ഡോ.തമിതാ സ്‌കോവ് പങ്കുവച്ചിരിക്കുന്നത്. സൂര്യന്റെ പ്രതിഭാസങ്ങൾ നാം കാണുന്നത് മിക്കവാറും സോളാർ ഡൈനാമിക് ഒബ്സർവേറ്ററിയുടെ ചിത്രങ്ങളിൽനിന്നാണ്. ഇതല്ലാതെ SOHO, GOES, Solar Orbiter തുടങ്ങിയവയും സൂര്യനെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. പഠിക്കുന്നുണ്ട്. പക്ഷെ ഇതുവരെ സോളാർ ഡൈനാമിക് ഒബ്സർവേറ്ററി JWST ആയി മാറിയത് എങ്ങനെയെന്ന് ഇതുവരെ മനസിലാക്കാൻ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം.