വയനാട്ടിൽ പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു; വീഡിയോയും ഫോട്ടോയും സുഹൃത്തുക്കള്‍ക്കിടയില്‍ പ്രചരിപ്പിച്ചു; യുവാക്കൾ അറസ്റ്റിൽ

single-img
7 June 2023

വയനാട് ജില്ലയിലെ മീനങ്ങാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ഒരാളും ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച മറ്റു രണ്ടുപേരുമാണ് പിടിയിലായത്.

കൃഷ്ണഗിരി സ്വദേശിയായ ജ്യോതിഷ്(30), തൃക്കൈപ്പറ്റ സ്വദേശി ഉണ്ണികൃഷ്ണന്‍(31), കൊളഗപ്പാറ സ്വദേശി സജിത്ത് (25) എന്നിവരാണ് പ്രതികള്‍. ഒന്നാം പ്രതിയായ ജ്യോതിഷ് കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയും ഇതിന്റെ വീഡിയോയും ഫോട്ടോയും സുഹൃത്തുക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.

ദൃശ്യങ്ങള്‍ ലഭിച്ച രണ്ടാം പ്രതി ഉണ്ണികൃഷ്ണന്‍ ഇതുപയോഗിച്ച് അതിജീവതയെ ഭീഷണിപ്പെടുത്തുകയും വീഡിയോ കോള്‍ വഴി നഗ്‌നത പ്രദര്‍ശിപ്പിക്കുകയുമായിരുന്നു. മൂന്നാം പ്രതിയും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായി പൊലീസ് പറഞ്ഞു. മൂന്ന് പ്രതികള്‍ക്കെതിരെയും പോക്‌സോ, ഐടി നിയമങ്ങളിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം, സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്. .