സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും ഉന്നത തല യോഗം

single-img
21 August 2023

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും ഉന്നത തല യോഗം. സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണോ വേണ്ടയോ എന്നതടക്കമുള്ള കാര്യങ്ങളിൽ യോഗത്തിൽ ചർച്ചയുണ്ടാകുമെങ്കിലും തീരുമാനങ്ങളിലേക്ക് കടക്കില്ലെന്നാണ് സൂചന. വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, 21 ന് ചേരുന്ന ഉന്നത തല യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു.

കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നും വൈദ്യുതി ചാർജ് വർദ്ധനയടക്കം വേണ്ടി വന്നേക്കാമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് കെ എസ് ഇ ബി ചെയർമാൻ ഉന്നത തലയോഗത്തിൽ ഇന്ന് നൽകുന്ന റിപ്പോർട്ടാകും പ്രധാനമായും ചർച്ച ചെയ്യുക. ലോഡ് ഷെഡിംഗ് അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകുമെങ്കിലും ഓണക്കാലവും പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പും പരിഗണിച്ച് തല്ക്കാലം കടുത്ത തീരുമാനം വരില്ലെന്നാണ് വ്യക്തമാകുന്നത്.

ഈ മാസം കാര്യമായ തോതിൽ മഴ കിട്ടിയില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്നാണ് മന്ത്രിയുടെ പക്ഷം. പുറത്ത് നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് ഇപ്പോൾ കെ എസ് ഇ ബി മുന്നോട്ട് പോകുന്നതെന്നടക്കം മന്ത്രി വിവരിച്ചിരുന്നു. പ്രതിദിനം 10 കോടിയോളം രൂപയുടെ നഷ്ടം കെ എസ് ഇ ബിക്ക് ഉണ്ടെന്നാണ് വൈദ്യുതി മന്ത്രി പറയുന്നത്. മഴ കുറഞ്ഞതും പുറത്ത് നിന്നുള്ള മൂന്ന് കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാർ റദ്ദായതുമാണ് കേരളത്തിന് തിരിച്ചടിയായത്. നഷ്ടം നികത്താൻ സർ ചാർജും പരിഗണനയിലുണ്ട്. ഇക്കാര്യങ്ങളിലെല്ലാം ഇന്ന് ചേരുന്ന ഉന്നത തല യോഗത്തിൽ നിർണായക ചർച്ചകളുണ്ടാകും. സെപ്റ്റംബറിൽ മഴ ശക്തമായില്ലെങ്കിൽ ലോഡ് ഷെഡ്ഡിംഗിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കും.