മാര്‍ക്കറ്റില്‍ നിന്നും 90 കിലോ തക്കാളി മോഷ്ടിച്ചു; തൊഴിലാളികള്‍ പിടിയില്‍

single-img
18 July 2023

സമീപ ദിവസങ്ങളിൽ രാജ്യവ്യാപകമായി തക്കാളിയുടെ വില കുതിച്ചുയരുകയാണ് ഇതിനിടയിൽ മഹാരാഷ്ട്രയിലെ നവി മുംബൈയിലെ അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റിയുടെ (എപിഎംസി) മാര്‍ക്കറ്റില്‍ രണ്ട് തൊഴിലാളികള്‍ 90 കിലോയോളം വരുന്ന തക്കാളി പെട്ടികള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചതായി പോലീസ് പറഞ്ഞു.

ഈമാസം 14ന് വാഷിയിലെ എപിഎംസി മാര്‍ക്കറ്റിലാണ് സംഭവം നടന്നതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. പുലര്‍ച്ചെ രണ്ട് മണിയോടെ രണ്ട് തൊഴിലാളികള്‍ 90 കിലോ തക്കാളി അടങ്ങിയ പെട്ടികള്‍ എടുക്കുന്നത് മാര്‍ക്കറ്റിലെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ കാണുകയായിരുന്നു. രണ്ടുപേരും ചേർന്ന് ചന്തക്ക് പുറത്തേക്ക് പെട്ടികള്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ കാവല്‍ക്കാര്‍ തടഞ്ഞു. ഗാര്‍ഡുകളുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാത്തതിനെത്തുടര്‍ന്ന് അവരെ എപിഎംസി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം, ഈ , തക്കാളി സ്റ്റോക്കിന്റെ ഉടമ ഇരുവര്‍ക്കുമെതിരെ പരാതി നല്‍കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തക്കാളിക്ക് തീവിലയായതോടെ രാജ്യത്ത് പലയിടങ്ങളിലും തക്കാളി മോഷണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.