കെ സുധാകരനെതിരെ പടയൊരുക്കം; ഏഴ് എംപിമാര്‍ ഹൈക്കമാന്‍ഡിന് പരാതി നൽകി


കെ സുധാകരനെതീരെ കോൺഗ്രസിനുള്ളിൽ പടനീക്കം ശക്തം. ഇതിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും കെ സുധാകരനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് എംപിമാർ പരാതി നൽകിയെന്ന് റിപ്പോർട്ട്. എം കെ രാഘവന്‍, കെ മുരളീധരന്‍, ടി എന്‍ പ്രതാപന്‍, ബെന്നി ബഹനാന്‍, ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് സുധാകരനെതിരെ പരാതി നൽകിയത്.
സംഘടനാചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ നേരിട്ട് കണ്ടാണ് എംപിമാർ പരാതി നൽകിയത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെ കാണാന്‍ കെ സി വേണുഗോപാല്‍ എംപിമാരോട് നിര്‍ദേശിച്ചു. ഇതനുസരിച്ച് കഴിഞ്ഞ വ്യാഴാഴ്ച കോണ്‍ഗ്രസ് പാര്‍ലമെന്ററി കമ്മിറ്റി യോഗ ഹാളിൽ വെച്ച് എംപിമാര്‍ താരിഖ് അന്‍വറിനെ കണ്ട് ആവശ്യം ഉന്നയിച്ചു.
ഇവർക്ക് പുറമെ എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, വി കെ ശ്രീകണ്ഠന്‍ എന്നിവരും പ്രത്യേകം പ്രത്യേകം താരിഖ് അന്‍വറിനെ കണ്ട് സുധാകരന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി അറിയിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഫോണ്‍ വഴിയും താരിഖ് അന്‍വറുമായി ബന്ധപ്പെട്ടു.
എന്നാല്‍ കെ സുധാകരനെതിരെ ഹൈക്കമാന്‍ഡിനോട് പരാതിപ്പെട്ടു എന്ന റിപ്പോര്‍ട്ട് തരൂര്‍ പിന്നീട് നിഷേധിച്ചു. ഒരു വിഭാഗം എംപിമാര്‍ താരിഖ് അന്‍വറിനെ കണ്ടുവെന്ന കാര്യം തനിക്ക് അറിയില്ല. തനിക്ക് അതിനോട് യോജിപ്പില്ലെന്നും തരൂര്‍ പറഞ്ഞു.
അതേസമയം എ കെ ആന്റണി, രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍ തുടങ്ങിയവരുടെ പിന്തുണയുള്ളതിനാല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തില്‍ ഒരു പ്രശ്‌നവുമില്ലെന്നാണ് കെ സുധാകരന്‍ ക്യാംപ് പറയുന്നത്.