ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ 11 പ്രതികൾ കൂടുതലും ജയിലിനു പുറത്തു; ലഭിച്ചത് യഥേഷ്ടം പരോൾ

single-img
1 September 2022

2012ൽ ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മൂന്ന് സിപിഐ എം പ്രവർത്തകർ ഉൾപ്പെടെ 11 പ്രതികൾക്ക് കേരളത്തിലെ എൽഡിഎഫ് സർക്കാർ ഒന്നിലധികം തവണ പരോൾ അനുവദിച്ചതായി റിപ്പോർട്ട്.

ചന്ദ്രശേഖരന്റെ ഭാര്യയും, നിയമസഭാംഗവുമായ കെ കെ രമയുടെ രേഖാമൂലമുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ 11 പ്രതികൾക്ക് അനുവദിച്ച പരോളിന്റെ വിശദാംശങ്ങൾ നിയമസഭയിൽ സമർപ്പിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വെച്ച രേഖകൾ പ്രകാരം 2016 മേയിൽ കേരളത്തിൽ സിപിഐ(എം) നേതൃത്വത്തിലുള്ള എൽഡിഎഫ് അധികാരത്തിൽ വന്നതുമുതൽ, ശിക്ഷിക്കപ്പെട്ടവരിൽ ഒരാളായ സിപിഐ(എം) ഏരിയാ സെക്രട്ടറി പി കെ കുഞ്ഞനന്തന് 2020 മാർച്ച് 30ന് മരിക്കുന്നതിന് മുമ്പ് 257 ദിവസത്തേക്ക് പരോൾ ലഭിച്ചു. മറ്റൊരു പാർട്ടി കേഡറായ കെ സി രാമചന്ദ്രൻ ഇതുവരെ 280 ദിവസത്തെ പരോൾ ലഭിച്ചിട്ടുണ്ട്.

കേസിൽ ശിക്ഷിക്കപ്പെട്ട മൂന്നാമത്തെ സിപിഐഎം പ്രവർത്തകനായ മനോജന് 257 ദിവസത്തേക്ക് പരോൾ ലഭിച്ചിട്ടുണ്ട്. കൂടാതെ കൊലപാതകം നടത്തിയ സംഘത്തിലെ മറ്റു പ്രതികൾക്ക് വിവിധ കാരണങ്ങളാൽ 60 മുതൽ 257 ദിവസം വരെ പരോൾ ലഭിച്ചു എന്നും സർക്കാകർ കണക്കും വ്യക്തമാക്കുന്നു.